ബെംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച ധർമസ്ഥല കേസിന്റെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മംഗളൂരു കദ്രിയിൽ പുതിയ ഓഫീസ് തുറന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പരാതികളോ രഹസ്യമായി അറിയിക്കുന്നതിനായി പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. 0824-2005301 എന്ന നമ്പരില്‍ വിവരങ്ങൾ വിളിച്ചറിയിക്കാം. 8277986369 എന്ന നമ്പരിലേക്ക് കേസുമായി ബന്ധപ്പെട്ട പരാതികളോ വിവരങ്ങളോ വാട്സാപ് സന്ദേശമായയ്ക്കാം. [email protected] എന്ന മെയില്‍ ഐഡിയിലും വിവരങ്ങൾ നല്‍കാവുനന്നതാണ്.
കേസിലെ പ്രധാന സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ എസ്ഐടി ഇന്നും പരിശോധന നടത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് പോയിന്റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് നേരിട്ട് ധർമസ്ഥലയിലെത്തി, കാടിനുള്ളിൽ കുഴിച്ചു പരിശോധിച്ച സ്ഥലങ്ങൾ വിലയിരുത്തിയിരുന്നു.
.gif)

സാക്ഷി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐടി അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയിന്റുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയിന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാന ഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടിയിലെ സ്വകാര്യഭൂമിയിൽ രണ്ട് പോയിന്റുകൾ കൂടി ഉണ്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞിട്ടുണ്ടെങ്കിലും, അവിടെ പരിശോധന നടത്താൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടിവരും. ഓരോ പോയിന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്ഥലങ്ങളിലും പ്രത്യേക അന്വേഷണ സംഘം ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ജിയോ ടാഗിംഗിനൊപ്പം സർവേക്കല്ലിന് സമാനമായ അടയാളങ്ങളും ഈ ഭൂമിയിൽ പതിച്ചിട്ടുണ്ട്. ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യ വ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിലെ സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്. ഇതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. സാക്ഷി താൻ മൃതദേഹം മറവ് ചെയ്ത സ്ഥലത്തുനിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് കോടതിയിൽ നൽകിയ തലയോട്ടിയുടെയും അതിൽ പറ്റിപ്പിടിച്ച മണ്ണിന്റെയും ഫൊറൻസിക് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Helpline numbers for latest information on Dharmasthala case
