ന്യൂഡൽഹി: (truevisionnews.com) കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കടുത്ത നീക്കവുമായി ഇന്ത്യ.
ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കനേഡിയൻ ആക്ടിങ് ഹൈകമീഷണർ സ്റ്റുവർട്ട് വീലർ, ഡെപ്യൂട്ടി ഹൈകമീഷണർ പാട്രിക് ഹെബേർട്ട്, മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെയാണ് പുറത്താക്കിയത്.
നേരത്തെ, ജസ്റ്റിൻ ട്രൂഡോ സർക്കാറിൽ വിശ്വാസമില്ലെന്ന് കാട്ടി കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു.
'തീവ്രവാദത്തിന്‍റെയും അക്രമത്തിന്‍റെയും അന്തരീക്ഷത്തിൽ ട്രൂഡോ സർക്കാറിന്‍റെ നടപടികൾ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അപകടത്തിലാക്കുകയാണ്.
അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള കനേഡിയൻ സർക്കാറിന്‍റെ പ്രതിബദ്ധതയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ, ഹൈകമീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്' -വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രതിനിധികളെ ഇന്ത്യ പുറത്താക്കിയത്.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണറെ ഉൾപ്പെടുത്തിയതാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
നിജ്ജാർ വധത്തിലെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണർ സഞ്ജയ് വര്‍മ്മയെ ഉൾപ്പെടുത്തിയ നടപടിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു.
#India #made #tough #move #amid #strained #diplomatic #relations #Canada.