#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9

#globalday | പരമ്പരാഗത സമൂഹങ്ങൾ മുഖ്യധാരയിൽ എത്തിയോ? പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ആഗോള ദിനം ആഗസ്റ്റ് 9
Aug 7, 2024 10:43 PM | By Athira V

( www.truevisionnews.com )ലോകത്ത് 90 രാജ്യങ്ങളിലായി 500 ദശലക്ഷം വരുന്ന പരമ്പരാഗത സമൂഹങ്ങളെ ഓർക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള( world indigenous people's day ) ആയി ആചരിക്കുന്നു. ഇന്ത്യയിൽ ഈ ദിവസം ഗോത്രവർഗ്ഗ ദിനമായി(Tribal day) ആണ് ആചരിക്കുന്നത്.

അന്യം നിന്നു പോകുന്ന പരമ്പരാഗത സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സഗൗരവം പരിശോധിച്ച്, പരിഹരിക്കുന്നതിനും തദ്ദേശീയ ജനവിഭാഗത്തിന്റെ സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവുമായ സവിശേഷത അംഗീകരിച്ച്‌,വികസന മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ ദിനം വിളിച്ചോതുന്നത്.

ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സമ്മർദ്ദം മൂലം തനിമ നഷ്ടപ്പെടുന്ന സമൂഹത്തെ ചേർത്തു പിടിക്കേണ്ട ദിനമാണ് ഇന്ന്. പൊതു അധികാര വ്യവസ്ഥയുമായി കാര്യമായ ബന്ധം പുലർത്താത്ത പരമ്പരാഗത സമൂഹങ്ങളുടെ പ്രശ്നം എന്താണെന്ന് പഠിച്ച് അവധാനതയോടെ ഇടപെടേണ്ട സന്ദർഭം കൂടിയാണ് ഇത്.


തദ്ദേശീയ ഗോത്ര ജനതയെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാമൂഹിക, സാമ്പത്തിക, സഹകരണ വികസനം ഉണ്ടാകേണ്ടതായിട്ടുണ്ട്, പങ്കാളിത്വത്തിൽ ഊന്നിയ വിദ്യാഭ്യാസം നൽകി മനുഷ്യ വിഭവ വികസനം യാഥാർത്ഥ്യമാക്കുകയും, നിലവിൽ നേരിടുന്ന ആരോഗ്യം പ്രശ്നങ്ങൾ കാലികമായി പരിഹരിക്കുകയും ചെയ്യുന്നതിന് പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

തനത് സാംസ്കാരിക പാരമ്പര്യം, ഭാഷ, അറിവുകൾ എന്നിവയുടെ അക്ഷയ ഖനിയാണ് പരമ്പരാഗത സമൂഹം. മണ്ണിൽ ചവിട്ടി നിൽക്കുന്ന ജൈവീക ബന്ധങ്ങളിലൂന്നീയ തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെ ജീവിതം പ്രകൃതിയെ സ്നേഹിച്ചും പ്രകൃതിയോട് ഇണങ്ങിയുമാണ് മുന്നോട്ടുപോകുന്നത്.

ആരാണ് പരമ്പരാഗത സമൂഹങ്ങൾ:-

കൃത്യമായ നിർവ്വചനമോ ഘടനയോ നാളിതുവരെ പരമ്പരാഗത സമൂഹം എന്നതിന് നൽകിയിട്ടില്ല. പല ഘട്ടങ്ങളിലും അന്താരാഷ്ട്ര തലത്തിൽ നിർവ്വചനം നൽകുവാൻ ശ്രമിച്ചെങ്കിലും ഇതിൽ ഐക്യ രൂപം ഉണ്ടാക്കുവാൻ നാളിതുവരെ സാധിച്ചിട്ടില്ല.

ശാശ്വതമായ പൈതൃകത്തിന്റെ ഹൃദ്യമായ ഓർമ്മപ്പെടുത്തലുമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ തുരുത്തുകൾ പോലെ ജീവിക്കുന്നവരാണ് പരമ്പരാഗത സമൂഹങ്ങൾ.പ്രത്യേക ഭൂപ്രദേശത്ത് വികസിച്ച് ചരിത്രപരമായ പിന്തുടർച്ചയുള്ള മറ്റു സാമൂഹികവിഭാഗങ്ങളുമായി വ്യതിരക്തത പുലർത്തുന്ന സമൂഹത്തെയാണ് പരമ്പരാഗത സമൂഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

പ്രത്യേകമായ ഭാഷ, ആത്മീയമായ പരിശീലനം, തത്വചിന്ത,ഭക്ഷണശീലം, ആഭരണങ്ങൾ,സൗന്ദര്യ ബോധം എന്നിവ പരമ്പരാഗതമായി പിന്തുടരുന്നവരാണ് പരമ്പരാഗത സമൂഹങ്ങൾ. മറ്റു സമൂഹങ്ങളുടെ നേരിട്ടുള്ള നോട്ടങ്ങളോ കുറ്റപ്പെടുത്തലുകളോ ആഗ്രഹിക്കാതെ ഭൂമിശാസ്ത്രപരമായി വൈജാത്യം പുലർത്തിയാണ് പരമ്പരാഗത സമൂഹം ജീവിക്കുന്നത്.

ആദിവാസികൾ, പ്രാക്തന ജനത,ഗോത്ര ജനത, മലവാസികൾ, നാടോടികൾ,നായാടികൾ എന്നിങ്ങനെയുള്ള പേരിലാണ് ഈ സമൂഹം അറിയപ്പെടുന്നത്.

അമേരിക്കയിൽ ലകൊട്ടകൾ, ബോളിവിയൽ ഐമാരകൾ, ന്യൂസിലാൻഡിൽ മാവോറികൾ, ഓസ്ട്രേലിയയിൽ അബോറോജിനുകൾ,ധ്രുവ പ്രദേശത്ത് ഇന്യൂ അറ്റ്/അലൂഷൻ, വടക്കൻ യൂറോപ്പിൽ സോമി, സ്‌കാൻഡിനെവിയൻ രാജ്യങ്ങളിൽ വൈക്കിംഗ്, ബ്രിട്ടനിൽ ജിപ്സീസ്, ഇന്ത്യയിൽ ഗോത്രവർഗ്ഗക്കാർ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ പരമ്പരാഗത സമൂഹങ്ങൾ അറിയപ്പെടുന്നത്.

ലോക ജനസംഖ്യയിൽ വെറും 6.2% വരുന്ന സമൂഹത്തിലാണ് ലോകത്തെ അതി ദാരിദ്രരിൽ 15 % ഉള്ളത്. ലോകത്ത് ഓരോ മിനിറ്റിലും 11 പേർ പട്ടിണി മൂലം മരണമടയുന്നു എന്നത് കൂടി വായിച്ചാൽ ഈ വിഭാഗം നിലവിൽ നേരിടുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കാവുന്നതാണ്.

പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടിയുള്ള ദിനം നാൾവഴികൾ:-

യുനോസ്കോവിന്റെ അഭിപ്രായത്തിൽ ഗോത്രവർഗ്ഗ സമൂഹങ്ങൾ ലോകത്തിലെ ഭൂമിയിലെ 28 % പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്.

1994 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ വച്ച് 1982 ഓഗസ്റ്റ് 9ന് നടന്ന അന്താരാഷ്ട്ര തലത്തിൽ ഗോത്ര ജനതയുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെ അനുസ്മരികുന്നതിനാണ് ഓഗസ്റ്റ് 9 അന്തർദേശീയ പരമ്പരാഗത സമൂഹങ്ങളുടെ ദിനമായി ആചരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ പ്രമാണ പത്രത്തിൽ (ചാർട്ടർ )സ്ഥാപക ലക്ഷ്യങ്ങളായി കണ്ടിരുന്ന സാമ്പത്തിക,സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ മനുഷ്യത്വപരമായി മാനവരാശി നേരിടുന്ന ആഗോള പ്രശ്നങ്ങൾക്ക് അന്തർദേശീയ സഹകരണത്തിലൂടെ പരിഹാരം കാണുക എന്ന തത്വം ഉൾക്കൊണ്ടുകൊണ്ടാണ് വിവിധങ്ങളായ വിവേചനങ്ങൾ നേരിടുന്ന പരമ്പരാഗത സമൂഹങ്ങളെ ആഗോളതലത്തിൽ ചേർത്തുപിടിക്കുന്നത്. അസമത്വം,അംഗീകാരമില്ലായ്മ എന്നിവ ഈ സമൂഹങ്ങളെ സദാ പിന്തുടരുന്നു.

തദ്ദേശീയ ജനതക്കായുള്ള വർക്കിംഗ് ഗ്രൂപ്പ് 1982 സ്ഥാപിച്ചതോടെ അന്താരാഷ്ട്രതലത്തിൽ പരമ്പരാഗത സമൂഹങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായി തീരുകയും അത് പരമ്പരാഗത സമൂഹങ്ങളെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തതോടെ ലോകത്തിന്റെ മുൻഗണനയിലേക്ക് പരമ്പരാഗത സമൂഹങ്ങളുടെ പ്രശ്നങ്ങളും കടന്നു വരാൻ തുടങ്ങി.

1995 മുതൽ 2004 വരെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പരമ്പരാഗത ജനങ്ങൾക്ക് വേണ്ടിയുള്ള ദശാബ്ദം ആചരിക്കുകയും ഇതിന്റെ ഫലമായി 2007 ൽ തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംബന്ധിക്കുന്ന മെക്കാനിസം ഉണ്ടാവുകയും ചെയ്തു.

2007 നടത്തിയ പരമ്പരാഗത വിഭാഗങ്ങൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രഖ്യാപനത്തിൽ 46 വകുപ്പുകൾ ആണുള്ളത് ഇത് പരമ്പരാഗത സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം സമഗ്രമായ മനുഷ്യാവകാശ ദർശന രേഖയായി കണക്കാക്കപ്പെടുന്നു, ഈ ദർശനരേഖ ഉണ്ടാക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വലിയ പിന്തുണ ഉണ്ടാവുകയും ചെയ്തിരുന്നു.

2005 മുതൽ 2015 വരെ ഐക്യരാഷ്ട്രസഭ നേതൃത്വത്തിൽ പരമ്പരാഗത സമൂഹങ്ങൾക്ക് വേണ്ടി തുടർ ദശാബ്ദം ആചരിക്കുകയും, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിൽ പരമ്പരാഗത സമൂഹങ്ങളുടെ വികസനത്തിനു വേണ്ടി വോളണ്ടറി ഫണ്ട് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

2000 ത്തിൽ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ ഉപദേശ സമിതിയായി, ദി പെർമനന്റ് ഫോറം ഓൺ ഇന്റീഡീജിനിയസ് ഇഷ്യൂ സ്ഥാപിക്കുകയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ 2021ൽ തദ്ദേശീയ ജനതയുടെ അവകാശങ്ങൾക്ക് പ്രത്യേക റപ്പോർട്ടറേ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് എക്സ്പേർട്ട് മെക്കാനിസം ഓൺ ദി റൈറ്റ്സ് ഓഫ് ദി ഇന്റീഡീജിനീയസ് പീപ്പിൾ (EMRIP ) ഉണ്ടാക്കി.2021 മുതൽ 2030 വരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മനുഷ്യാവാസ വ്യവസ്ഥക്ക് വേണ്ടിയുള്ള ദശാബ്ദം ആഘോഷിക്കുമ്പോൾ പ്രകൃതിയോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന ജനവിഭാഗങ്ങളായ പരമ്പരാഗത സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ലോകരാജ്യങ്ങൾക്ക് അവഗണിക്കാൻ കഴിയാതെ വന്നു.

ചിതറി കിടക്കുന്ന ജനവിഭാഗം :-

പരമ്പരാഗത സമൂഹങ്ങളിൽ 70% വും ഏഷ്യൻ രാജ്യങ്ങളിലാണ് അധിവസിക്കുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിൽ 105.23 ദശലക്ഷവും,ഇന്ത്യ ഉൾപ്പെടെയുള്ള തെക്കൻ രാജ്യങ്ങളിൽ 94.9 ദശലക്ഷം പേരും ജീവിക്കുന്നു. ചൈന,ഇന്ത്യ എന്ന രാജ്യങ്ങളിലാണ് കൂടുതൽ പരമ്പരാഗത സമൂഹങ്ങൾ അധിവസിക്കുന്നത്.

നേപ്പാളിൽ 37.19%, മ്യാന്മാറിൽ 32%, ഫിലിപ്പൈൻസിൽ 20%, വിയറ്റ്നാമിൽ 14% മലേഷ്യയിൽ 12% ഭൂട്ടാനിൽ 10% ബംഗ്ലാദേശിൽ 2.5 % എന്നിങ്ങനെയാണ് പരമ്പരാഗത സമൂഹങ്ങൾ ജീവിക്കുന്നത്. പല രാജ്യങ്ങളിലും സർക്കാർ അംഗീകരിച്ച ഗ്രൂപ്പുകളെക്കാൾ കൂടുതൽ പരമ്പരാഗത സമൂഹങ്ങൾ അധിവസിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം പരമ്പരാഗത സമൂഹങ്ങളിൽ 200 ഗ്രൂപ്പുകൾ ഏത് നിമിഷവും ലോകത്ത് നിന്ന് പല കാരണങ്ങളാൽ നിഷ്കാസിതാമാവും എന്ന് പറയുന്നു.

ലോകത്തെ 80 % ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നത് ഗോത്രവർഗ്ഗക്കാരാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ പരമ്പരാഗത സമൂഹങ്ങളുടെ നിഷ്കാസനം പ്രകൃതിക്ക് ഉണ്ടാകുന്ന അസന്തുലിതാവസ്ഥ വലിയ രീതിയിലുള്ളതാണ്. ആചാരത്തിലും ശീലത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്ന സമൂഹം ആധുനിക വ്യവസായ സമൂഹവുമായി വ്യത്യസ്തത പുലർത്തുന്നത് കാരണം ഉണ്ടാകുന്ന പ്രയാസങ്ങൾ തദ്ദേശീയ ജനവിഭാഗങ്ങൾ വലിയ രീതിയിൽ നേരിടുന്നു.

അന്യം നിന്നു പോകുന്ന ഗോത്ര ഭാഷകൾ:-

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 2019 മുതൽ അന്യം നിന്ന് പോകുന്ന ഭാഷകളുടെ ദിനം ആചരിക്കുന്നുണ്ട് എങ്കിലും ഗോത്ര ഭാഷകൾ നേരിടുന്ന പ്രശ്നങ്ങൾ വിവരണാതീതമാണ്. ലോകത്ത് 2680 ഗോത്ര ഭാഷകൾ കടുത്ത നിലനിൽപ്പ് ഭീഷണി നേരിടുന്നു.

അമൂല്യമായ വിജ്ഞാനദായാകമായ ഗ്രന്ഥങ്ങളും അപ്രത്യക്ഷമായി ഇതേ തുടർന്ന് ഗോത്രവർഗ്ഗക്കാർ ഉണ്ടാക്കിയ സാംസ്കാരിക സമ്പന്നത, കലകൾ, സംസ്കാര അടയാളങ്ങൾ, ഏടുകൾ എല്ലാം വീണ്ടെടുക്കാൻ കഴിയാത്ത രീതിയിൽ നഷ്ടപ്പെട്ടു. മനുഷ്യകുലങ്ങളുടെ അമൂല്യമായ ഉൽകാഴ്ചകൾ, പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകൾ ഭാവിതലമുറക്ക് ലഭിക്കാതിരിക്കുവാൻ ഭാഷകളുടെ അപ്രത്യക്ഷമാകൽ കൊണ്ട് സംഭവിച്ചു.

അമൂല്യമായ പല അറിവുകളും ലോകത്തിന് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേക തൊഴിൽ എടുത്ത് ജീവിക്കുന്ന പ്രത്യേക ഭൂപ്രദേശത്ത് ജീവിക്കുന്നവർ ഉപയോഗിക്കുന്ന ഭാഷ ആ സമൂഹത്തിന്റെ നിഷ്കാസനത്തോടെ അപ്രത്യക്ഷമാകുന്നു.

ലോകത്തുള്ള 7000 വരുന്ന ഭാഷകളിൽ 5000 ഭാഷകളും പരമ്പരാഗത സമൂഹങ്ങളുടെതാണ് ഇതിൽ 40 % ത്തിനും നാശം സംഭവിക്കുന്നു. ഇത്തരം ഭാഷകൾ സ്കൂളുകളിലോ മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കുന്നില്ല. ശാസ്ത്രപുരോഗതിക്ക് നിധാനമായ പല അറിവുകളും പരമ്പരാഗത സമൂഹങ്ങളുടെ കൈയിലുണ്ട് അത് ഫലപ്രദമായി രാജ്യപുരോഗതിക്കായി ഉപയോഗിക്കേണ്ടതായിട്ടുണ്ട്.

നേരിടുന്ന പ്രശ്നങ്ങൾ:-

ജനിച്ച സ്ഥലവും ആവാസവ്യവസ്ഥയും വൻകിട വികസന പദ്ധതികൾ കാരണം പരമ്പരാഗത സമൂഹങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വരുന്ന ചിത്രമാണ് ലോകത്ത് കാണുന്നത്. വികസനത്തിന്റെ പുതിയ കാൽവെപ്പുകളെ നെടുവീർപ്പുകളോടെ മാത്രമേ പരമ്പരാഗത സമൂഹം നോക്കിക്കാണുന്നുള്ളൂ.

പ്രകൃതിയുടെ മടിത്തട്ടിൽ സ്വച്ഛന്ദമായി ജീവിക്കുന്ന സമൂഹത്തിലെ ആവാസ പ്രദേശത്ത് വൻകിട വികസന പദ്ധതികൾ വന്നത് കാരണം പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും തുടർ സംഹാരതാണ്ഡവങ്ങളും നിർവികാരതയോടെ നോക്കിനിൽക്കാനേ പരമ്പരാഗത സമൂഹങ്ങൾക്ക് സാധിക്കുന്നുള്ളൂ.

ഭീതിതമായ സാഹചര്യത്തിലാണ് ബഹുഭൂരിഭാഗം ഗോത്രവർഗ്ഗ വിഭാഗങ്ങളും ജീവിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാൽ പ്രയാസം നേരിടുന്ന വിഭാഗങ്ങൾ നിലവിൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഭക്ഷ്യസുരക്ഷ പ്രശ്നവും സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയും അതി ദാരിദ്ര്യം ഈ വിഭാഗങ്ങൾക്കിടയിൽ ക്രമാതീതമായി ഉണ്ടാക്കുന്നു.

ഇന്ത്യ, യൂറോപ്പ്,ലാറ്റിനമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ, കെനിയ,പോളണ്ട്, എത്യോപ്യ, ബൊളീവിയ, ബ്രസീൽ,കൊളംബിയ, ഇക്വഡോർ,ഇന്തോനേഷ്യ, പപ്പു ന്യൂ ഗനിയ, പെറു, വെനൂസ്വില,ഉഗാണ്ട,ഗോട്ടി മല, എന്നീ രാജ്യങ്ങളിൽ പരമ്പരാഗത സമൂഹം വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 1000 ജനനത്തിൽ 62.1 ഗോത്ര വിഭാഗ കുട്ടികൾ മരണപ്പെടുമ്പോൾ മറ്റു സമൂഹങ്ങളിൽ 57 കുട്ടികളാണ് മരണപ്പെടുന്നത്.

ചൈനയിൽ ജനിക്കുന്ന ആയിരം കുട്ടികളിൽ 77.8 കുട്ടികളും പരമ്പരാഗത സമൂഹത്തിൽ മരിക്കുമ്പോൾ മറ്റ് വിഭാഗങ്ങളിൽ 53.6 എണ്ണം മാത്രമാണ്,ഇന്ത്യയിൽ 62.1 കുട്ടികളാണ് ഗോത്ര വിഭാഗങ്ങളിൽ മരിക്കുന്നത് എങ്കിൽ മറ്റു സമൂഹങ്ങളിൽ ഇത് 57 മാത്രമാണ്,നേപ്പാളിൽ ആയിരം ജനനത്തിൽ 59 കുട്ടികൾ മരിക്കുമ്പോൾ മറ്റ് വിഭാഗങ്ങളിൽ 55 എണ്ണവും വിയറ്റ്നാമിൽ ആയിരം കുട്ടികൾ ജനിക്കുമ്പോൾ 30.4 കുട്ടികളും പരമ്പരാഗ സമൂഹത്തിൽ നിന്നും,23.9 മറ്റു സമൂഹങ്ങളിലും മരണപ്പെടുന്നു.

ഫിലിപ്പൈൻസിൽ ഊർജ്ജ പുനരുപയോഗ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് കാരണവും ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ 9000 സ്ക്വയർ കിലോമീറ്റർ കാട് നഷ്ടപ്പെടുത്തിയതും ലോകത്ത് വിവിധ രാജ്യങ്ങളിലെ 22% വനനശീകരണം സംഭവിച്ചതും ടൂറിസം പദ്ധതികൾ വലിയ രീതിയിൽ കടന്നുവന്നതും പരമ്പരാഗത ജനവിഭാഗങ്ങളെ സാരമായി ബാധിക്കുന്നു.

ബംഗ്ലാദേശിൽ 24 ഗോത്ര ജനവിഭാഗങ്ങൾ കടുത്ത പ്രയാസം നേരിടുന്നു,ബംഗ്ലാദേശിലെ ചിറ്റഗോങ് കുന്നുകളിൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ 51 % മാത്രമാണ് പരമ്പരാഗത സമൂഹങ്ങളിൽ രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തത് എങ്കിൽ അത് മറ്റുള്ള വിഭാഗങ്ങളുടെ കുട്ടികളിൽ 71% ആണ്. നേപ്പാളിൽ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഏറ്റെടുത്തത് ഗോത്ര ജനവിഭാഗങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്.

കോർപ്പറേറ്റ് ദുരയുടെ മൃഗീയതയിൽ ഞെരിഞ്ഞമരുന്ന തന്റെ മണ്ണും,കിടപ്പാടവും, ജീവിതവും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഇനിയും ഒരുപാട് സഞ്ചരിച്ചാൽ മാത്രമേ പൊതു സമൂഹത്തിന്റെ കൂടെ മുഖ്യധാരയിൽ ഈ സമൂഹങ്ങൾക്ക് എത്താൻ സാധിക്കുകയുള്ളൂ.

സാമൂഹ്യ വിവേചനം നേരിടുന്ന സമൂഹങ്ങളായി ഈ സമൂഹം മാറിയിരിക്കുന്നു. തായ്‌ലൻഡ്,മ്യാന്മാർ,ഇന്ത്യ, നേപ്പാൾ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ പരമ്പരാഗത സമൂഹങ്ങളിൽ ലൈംഗിക രോഗങ്ങളും വ്യാപകമായി വർദ്ധിച്ചു വരുന്നു.

ഇന്ത്യയുടെ അവസ്ഥ :-

ഇന്ത്യൻ ഭരണഘടനയിലെ ആറാം പട്ടികയിൽ 461 ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണ കവചവും നൽകുന്നുണ്ട്. ലോകത്ത് മറ്റ് രാജ്യങ്ങളിൽ നിന്നും വിഭിന്നമായിട്ടുള്ള ഒരു രക്ഷാകവചമാണ് പ്രത്യേക ഗോത്രവർഗ്ഗ സമൂഹത്തിന് ഇന്ത്യയിൽ ഒരുക്കിയിട്ടുള്ളത്. 635 ഗോത്രവർഗ്ഗ വിഭാഗങ്ങൾ ഉണ്ട് എന്നാണ് അനൗദ്യോഗികമായ കണക്ക്.

മധ്യപ്രദേശ്, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ ഗോത്രവർഗ്ഗക്കാർ ഉണ്ട് ഏതാണ്ട് 13 കോടി ആദിവാസികൾ ഇന്ത്യയിലുണ്ട് എന്നാണ് കണക്കാക്കുന്നത് ഇതിൽ 1.04 കോടി ആദിവാസികൾ മാത്രമേ നഗരത്തിൽ താമസിക്കുന്നുള്ളൂ.1000 പുരുഷന്മാർക്ക് 990 സ്ത്രീകൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 46,243( 1) 330 എന്നിവ പ്രത്യേക കവചമാണ് ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് നൽകുന്നത്.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 A വകുപ്പ് പ്രകാരം ഗോത്രവർഗ വിഭാഗങ്ങൾക്ക് പ്രത്യേക കമ്മീഷൻ ഇന്ത്യയിൽ നിലവിലുണ്ട്.

ഇന്ത്യയിൽ നിലവിലുള്ള 700 ഭാഷകളിൽ ബഹുഭൂരിഭാഗം ഭാഷയും ഗോത്രവർഗ്ഗ സമൂഹവുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര ദിനത്തെ ഓർമിപ്പിച്ചുകൊണ്ട് ജാർഖണ്ഡിൽ ആഗസ്റ്റ് 9 സർക്കാർ ഒഴിവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ 75 ഓളം ആദിവാസി സമൂഹങ്ങൾക്കു വലിയ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.2023ൽ മണിപ്പൂരിൽ ഉണ്ടായ,കുക്കി,മെയ്തി വിഭാഗങ്ങളുടെ തമ്മിലുള്ള കലഹം വലിയ ഒരു കൂട്ടപാലായനമാണ് ഉണ്ടാക്കിയത്, ഏതാണ്ട് എഴുപതിനായിരത്തോളം ഗോത്രവർഗ്ഗ സമൂഹങ്ങൾ മണിപ്പൂരിൽ നിന്നും ജീവിക്കുന്ന സ്ഥലങ്ങളിൽ നിന്നും മാറി താമസിക്കേണ്ടി വരുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപിൽ 17000 ഏക്കർ ഭൂമി വികസനത്തിനായി ഏറ്റെടുത്തതും,2023ലെ വന നിയമത്തിൽ വന്ന പുതിയ ഭേദഗതിയും ഈ മേഖലയിൽ വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ ഒഡീഷ്യയിൽ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ഭൂമി വിൽക്കാനുള്ള അനുവാദം നൽകിയതും ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ത്യയിലെ ഗോത്രവർഗ്ഗക്കാരിൽ നാലിൽ ഒന്നും കൈപ്പേറിയ ജീവിതാനുഭവങ്ങളിലൂടെയാണ് ജീവിച്ചു പോകുന്നത്.

2022ൽ മാത്രം ഗോത്രവർഗ്ഗ സമൂഹത്തിലെ സ്ത്രീകൾക്കെതിരെ 1347 ബലാത്സംഗം ഉണ്ടായി.ഇന്ത്യക്ക് അഭിമാനമായി രാഷ്ട്രപതി ദ്രൗപതി മുറുമു, ഗോത്രവർഗ്ഗ സമൂഹത്തിൽ നിന്ന് വന്നതും ,നാഗാലാൻഡിൽ നിന്നുള്ള മന്ത്രിയായി Sahowt yoyo kruse വന്നതും ഈ മേഖലയിലെ അഭിമാനകരമായ നേട്ടങ്ങളാണ്.

പരമ്പരാഗത സമൂഹത്തിലെ യുവാക്കൾ മാറ്റത്തിന്റെ പാത സ്വീകരിച്ച് സ്വയം നിർണയത്തിന് വേണ്ടി എന്ന ആശയം മുൻനിർത്തി വികസന കുതിപ്പുകൾ ഉണ്ടാകേണ്ടതായിട്ടുണ്ട്. സ്വയം ഭാവി നിർണയിക്കുന്നതിന് ഗോത്ര വർഗ്ഗ വിഭാഗത്തിലെ യുവാക്കൾ പ്രവർത്തിക്കേണ്ടതായി ട്ടുണ്ട് അല്ലെങ്കിൽ പരമ്പരാഗത സമൂഹങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവും. നിലവിൽ നേരിടുന്ന അസ്തിത്വ പ്രശ്നം പരിഹരിക്കുവാൻ പരമ്പരാഗത സമൂഹത്തിലെ യുവാക്കൾ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 18ന് കേരളത്തിൽ പരമ്പരാഗത സമൂഹങ്ങൾ താമസിക്കുന്ന സ്ഥലങ്ങളെ കോളനി എന്ന് വിളിക്കുന്നത് നിർത്തലാക്കിയ വിപ്ലവകരമായ ഉത്തരവുകൾ പോലുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും ഉണ്ടായാൽ മാത്രമേ ചരിത്രപരമായ കാരണങ്ങളാൽ സവിശേഷ സാഹചര്യത്തിൽ ജീവിക്കുന്ന പരമ്പരാഗത സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.


#Have #traditional #societies #gone #mainstream #GlobalDay #Traditional #Communities #August9

Next TV

Related Stories
#WayanadLandslide | ക്ഷോഭിച്ച പ്രകൃതി തോറ്റുപോകുന്നു, മനുഷ്വത്വത്തിൻ്റെ ഈ കൂട്ടായിമയ്ക്ക് മുന്നിൽ

Aug 2, 2024 08:58 PM

#WayanadLandslide | ക്ഷോഭിച്ച പ്രകൃതി തോറ്റുപോകുന്നു, മനുഷ്വത്വത്തിൻ്റെ ഈ കൂട്ടായിമയ്ക്ക് മുന്നിൽ

ഉറ്റവരെ നഷ്ടമായവർ പോലും നെഞ്ചുനീറുന്ന വേദനയോടെ കിട്ടിയ ജീവൻ മുറുകെ പിടിച്ച് ബാക്കി ജീവനുകൾക്കായുള്ള തിരച്ചിലിലാണ് ഇപ്പോഴും....

Read More >>
#WayanadLandslide | ഉരുളെടുത്ത നാട്; നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ് നോവായി മുണ്ടക്കൈയും ചൂരല്‍മലയും

Aug 1, 2024 03:33 PM

#WayanadLandslide | ഉരുളെടുത്ത നാട്; നിനച്ചിരിക്കാതെ പ്രകൃതിയുടെ പ്രഹരമേറ്റ് നോവായി മുണ്ടക്കൈയും ചൂരല്‍മലയും

മരണസംഖ്യ വീണ്ടും വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്നു. രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കുന്നത് കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769...

Read More >>
#APJAbdulKalam | പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

Jul 27, 2024 12:07 PM

#APJAbdulKalam | പത്രം വിറ്റ് നടന്നുകയറിയത് ഇന്ത്യയുടെ മിസൈൽ മാൻ പദവിയിലേക്ക്; അധ്യാപകനായും രാഷ്ട്രപതിയായും സ്വപ്നം കാണാൻ പഠിപ്പിച്ചു, കലാം നൽകിയ മികച്ച ഉദ്ധരണികൾ

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയറോനോട്ടിക് എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടിയ കലാം യുദ്ധവിമാനം പറത്തുന്ന ആദ്യ രാഷ്ട്രപതി...

Read More >>
#Vegetableprice | പച്ചക്കറിക്ക് പൊന്നും വില; മീനും തൊട്ടാല്‍ പൊള്ളും, പോക്കറ്റ് കീറി പൊതുജനം

Jul 10, 2024 07:25 PM

#Vegetableprice | പച്ചക്കറിക്ക് പൊന്നും വില; മീനും തൊട്ടാല്‍ പൊള്ളും, പോക്കറ്റ് കീറി പൊതുജനം

ഒരു മാസത്തിനിടെ പല പച്ചക്കറി ഇനങ്ങളുടെയും വില രണ്ടിരട്ടിയിലേറെയായി...

Read More >>
#LionelMessi | കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

Jun 24, 2024 10:22 AM

#LionelMessi | കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

മറ്റൊരു കോപ്പ കാലമെത്തുമ്പോൾ മെസ്സിക്കും അനുചരന്മാർക്കും...

Read More >>
#InternationalYogaDay | ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

Jun 21, 2024 09:51 AM

#InternationalYogaDay | ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

അയ്യായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഈ ജീവിത ചര്യ, ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അഭിമാനമേകുന്ന ഒന്നാണ്. വർഷം ചെല്ലുന്തോറും സ്വദേശത്തും വിദേശത്തും...

Read More >>
Top Stories