ന്യൂഡല്‍ഹി: (truevisionnews.com) കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഡല്‍ഹിയില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ എസ്.പി. ബദലി പ്രദേശത്തെ അണ്ടര്‍പാസിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ടില്‍ മറ്റൊരാളും മുങ്ങിമരിച്ചു. ചെറിയ ഇടവേളയ്ക്കുശേഷം ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.
സിര്സാപുരില് മെട്രോയ്ക്ക് സമീപമുള്ള അണ്ടര്‍പാസിലാണ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. മൂന്നടിയോളമാണ് ഇവിടെ വെള്ളം പൊങ്ങിയത്. കുട്ടികള്‍ അപകടത്തില്‍പെട്ടതായി വിവരം ലഭിച്ച ഉടന്‍ പോലീസ് സ്ഥലത്തെത്തി.
ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച കുട്ടികളില്‍ ഒരാള്‍ സിര്സാപുര് സ്വദേശിയാണ്. രണ്ടാമത്തെ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.
കുട്ടികള്‍ കുളിക്കുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.സ്കൂട്ടര്‍ യാത്രക്കാരനാണ് ഓഖ്ലയില് മുങ്ങിമരിച്ചത്.
ഓഖ്ല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു അപകടം. കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് സംഘം വെള്ളക്കെട്ടില്‍ നിന്ന് അബോധാവസ്ഥയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ പുറത്തെടുത്തു.
എയിംസ് ട്രോമാ കെയറില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം വസന്തവിഹാറില്‍ മതില് തകര്‍ന്ന് മരിച്ച മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച പുറത്തെടുത്തു.
അപകടമുണ്ടായി ഒരുദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. 1936-ന് ശേഷം ഇതാദ്യമായാണ് ഇത്രയും കനത്ത മഴയ്ക്ക് ഡല്‍ഹി സാക്ഷ്യംവഹിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
228 മില്ലിമീറ്റര്‍ മഴയാണ് വെള്ളിയാഴ്ച ഒരു ദിവസം മാത്രം ഡല്‍ഹിയില്‍ പെയ്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഡല്‍ഹിയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
#Three #people #drowned #delhi #after #heavy #rains.
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)