( www.truevisionnews.com )ജോലിയുടെ ഭാഗമായും മറ്റും മണിക്കൂറുകളോളം ചടഞ്ഞിരിക്കേണ്ടി വരുന്നവരുണ്ട്. ദീർഘസമയം ഇരിക്കുന്നത് പുകവലിക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇരിപ്പിന്റെ ദൈർഘ്യം കൂടുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പിയെ കൂട്ടുപിടിച്ചാൽ മതിയെന്നാണ് പുതിയൊരു പഠനം പറയുന്നത്.
ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള 10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്.
ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുദിവസം ആറോ, അതിലധികമോ മണിക്കൂറുകൾ ഇരിക്കുന്നവരാണെങ്കിൽ കാപ്പികുടിക്കുന്ന ശീലം ഗുണംചെയ്യുമെന്നാണ് പഠനത്തിലുള്ളത്.
മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന, കാപ്പി കുടിക്കുന്ന ശീലമുള്ളവർ മണിക്കൂറുകളോളം ഇരിക്കുന്ന കാപ്പികുടിശീലം ഇല്ലാത്തവരെ അപേക്ഷിച്ച് വിവിധ രോഗങ്ങളാൽ മരണപ്പെടാനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ദീർഘസമയം ഇരിക്കുന്നുതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ കോഫി പ്രതിരോധിക്കുന്നതിനെക്കുറിച്ചാണ് പഠനത്തിൽ കണ്ടെത്തിയത്.
കോഫി കുടിക്കുന്നതിലൂടെ ദീർഘസമയം ഇരിക്കുന്നതുമൂലമുള്ള ഹൃദ്രോഗസാധ്യതകളെ ഇല്ലാതാക്കാം എന്നാണ് ഗവേഷകർ പറയുന്നത്. ദിവസവും നാലുമണിക്കൂറിൽ കുറവ് ഇരിക്കുന്നവരെ അപേക്ഷിച്ച് എട്ടുമണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കി.
ദിവസവും രണ്ടോ അതിലധികമോ കാപ്പി കുടിക്കുന്നത് ഇത്തരം മരണങ്ങളിൽ നിന്നും സംരക്ഷിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയെ പ്രതിരോധിക്കാൻ കാപ്പികുടിക്കുന്ന ശീലം സഹായിക്കുമെന്ന് നേരത്തേ പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു.
കഫീൻ നീക്കം ചെയ്ത കാപ്പിയാണെങ്കിൽപ്പോലും ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണെന്നും ചയാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും പലപഠനങ്ങളിലും പറയുന്നുണ്ട്.
#drink #coffee #you #are #sitting #for #too #long