മണ്ണാർക്കാട്: (truevisionnews.com) മൂന്ന് കിലോമീറ്റർ കാട്ടിലൂടെ ഭവാനി പുഴയോട് ചേർന്ന് നടക്കാം. സഹായത്തിന് വനംവകുപ്പിന്റെ ഗൈഡും.ഇതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ സൈലന്റ് വാലി വനം ഡിവിഷൻ.
മുക്കാലിയിൽ നിന്നാണ് യാത്ര തുടങ്ങുക. മൂന്നുപേർക്ക് 900 രൂപയാണ് ഫീസ്.
സൈലന്റ് വാലി ബഫർസോണിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ട്രക്കിങ്. നീലഗിരി കുന്നുകളിൽനിന്നും ഉത്ഭവിച്ച് സൈലൻറ് വാലി കാടുകളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഭവാനിയുടെ മനോഹരമായ കാഴ്ചയാണ് സവിശേഷത.
പാറക്കെട്ടുകളും നദിക്കരയിലെ സസ്യജാലങ്ങളും പക്ഷികളുമെല്ലാം ആസ്വദിക്കാം. രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സന്ദർശകരെ അനുവദിക്കും. മുകൾഭാഗത്തായി പുഴയുടെ കുറുകെയുള്ള ചെറിയ തടയണവരെയാണ് യാത്ര. ഒന്നര കിലോമീറ്ററാണ് തടയണവരെയുള്ള ദൂരം.
കീരിപ്പാറ, കരുവാര എന്നിവിടങ്ങളിലേക്ക് മുമ്പ് നടത്തിയിരുന്ന ട്രക്കിങ് പുനരാരംഭിക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.
എങ്ങനെയെത്തും.
മണ്ണാർക്കാട് പട്ടണത്തിൽനിന്ന് 20 കിലോമിറ്റർ മാറിയാണ് ഭവാനിപ്പുഴ. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ നെല്ലിപ്പുഴ ജങ്ഷനിൽനിന്നും അട്ടപ്പാടിറോഡ് വഴി സഞ്ചരിച്ചു വേണം ഇവിടെയെത്താൻ പാലക്കാട് പട്ടണത്തിൽനിന്ന് 55 കിലോമീറ്ററും കോയമ്പത്തൂരിൽനിന്ന് 62 കിലോമീറ്ററും കോഴിക്കോട്ടുനിന്ന് 116 കിലോമീറ്ററുമാണ് ദൂരം.
ബുക്കിങ്ങിന്
സൈലൻറ് വാലി മുക്കാലി ഇൻഫർമേഷൻ സെൻററിലാണ് ഭവാനി ട്രക്കിങ്ങിന് ബുക്കുചെയ്യേണ്ടത്.
ഫോൺ: 8589895652.
#forest #walk #along #Bhavanipuzha #trekking #SilentValley