ഗൂഡല്ലൂർ: (truevisionnews.com) മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര എന്ന ഒരു ബ്ലോഗിൻറെ വീഡിയോ പ്രചരിപ്പിച്ചതോടെ കല്ലട്ടി ചുരം വഴി ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചിരിക്കുകയാണ്. മിനി ബസ് ഉൾപ്പെടെയുള്ളവ ചുരം കയറാമെങ്കിലും തിരികെ വരുന്നതിന് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് വിലക്കാണുള്ളത്. നീലഗിരി ജില്ല രജിസ്ട്രേഷൻ വാഹനങ്ങൾക്ക് പോക്ക് വരവിന് അനുമതിയുണ്ടെങ്കിലും രാത്രി 9 മണിവരെയാണ് അവർക്കും ചുരമിറങ്ങാനാവുകയുള്ളൂ .
36 ഹെയർപിൻ വളവുകളുള്ള കല്ലട്ടി ചുരത്തിൽ അപകടം പതിവായതോടെയാണ് ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചുരമിറങ്ങാൻ ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തിയത്. . കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഗൂഡല്ലൂർ, തുറപ്പള്ളി, മുതുമല കടുവ സങ്കേതം ആന ക്യാമ്പ് സന്ദർശിച്ച ശേഷം മസിനഗുഡി, മാവനഹള്ള, കല്ലട്ടി, തലയ്ക്കുന്ത വഴി ഊട്ടിയിൽ എത്താം .എന്നാൽ തുറപ്പള്ളി മുതൽ കല്ലട്ടി ചുരം വരെയുള്ള പാതയിൽ വാഹനങ്ങൾ നിർത്തി വന്യജീവികളെ സന്ദർശിക്കുന്നതും പടമെടുക്കുന്നതും പാർക്ക് ചെയ്യുന്നതും എല്ലാം വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ് .
ചുരത്തിലെ ബൈസൺ വാലി കാണാൻ അൽപനേരം നിർത്താം. അല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴയാണ് ഈടാക്കുക . 10,000 മുതൽ 20,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത് വാഹനം നിർത്താതെ മെല്ലെ പോകാമെന്നല്ലാതെ വാഹനങ്ങൾ നിർത്തി പ്രകൃതി ഭംഗി കാണാനോ വനത്തിൽ പ്രവേശിക്കാനോ അനുമതിയില്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇതൊന്നുമറിയാതെയുള്ള ഉല്ലാസയാത്ര ദുരിത യാത്രയായി മാറും. മൃഗങ്ങളെ പടമെടുത്താൽ വിലപിടിപ്പുള്ള ക്യാമറകൾ വരെ വനപാലകർ പിടിച്ചെടുക്കും . ഇതിനിടെ മസിനഗുഡി വഴി ഊട്ടിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ബസ് സർവീസ് ആവശ്യപ്പെടുന്ന വാർത്തയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വലിയ ബസ്സുകൾ ഒന്നും ചുരത്തിലൂടെ അനുവദിക്കുന്നില്ല.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ മിനി ബസ്സുകൾ ആണ് ഇതുവഴി സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി പെർമിഷൻ ആവശ്യപ്പെടുകയാണെങ്കിൽ ചുരം കയറാമെന്നല്ലാതെ തിരികെ വരുന്നത് അനുവദിക്കില്ല. തലൈകുത്ത ജംങ്ഷനിൽ നിന്ന് ഷൂട്ടിങ് മട്ടം, പൈക്കാറ, നടുവട്ടം വഴി തിരിച്ചു പോകാം. കല്ലട്ടി വഴിയുള്ള അന്തർ സംസ്ഥാന ബസ് സർവീസ് അനുവദിക്കാൻ സാധ്യത കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കർണാടകയുടെ നിരവധി ബസുകളാണ് ഊട്ടിയിലേക്ക് ഗൂഡല്ലൂർ വഴി സർവീസ് നടത്തുന്നത്. ഇവർക്ക് വളരെ എളുപ്പമുള്ള റൂട്ടാണ് മസിനനഗുഡി, കല്ലട്ടി വഴി ഊട്ടിയിലേക്ക്. ഗൂഡല്ലൂർ വഴിയാണ് ഇവർക്ക് അനുവാദം ഉള്ളത്. മുതുമല കടുവ സങ്കേതത്തിലൂടെയുള്ള വനപാതയിൽ കൂടുതൽ ബസ് സർവീസ് അനുവദിക്കാൻ വനം വകുപ്പും അനുവാദം നൽകുകയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
#trip #Ooty #via #Masinagudi #Following #viral #blog #tourists #flocked