വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫീസുകള്‍ പകുതിയാക്കി ഹിമാചല്‍ പ്രദേശിലെ ധര്‍മശാല ഫോറസ്റ്റ് സര്‍ക്കിള്‍ രംഗത്ത് വന്നിരിക്കുകയാണ് . കാന്‍ഗ്ര ജില്ലയിലുള്ള പ്രസിദ്ധമായ ട്രയുണ്ട് അടക്കം നിവധി ട്രെക്കിങ്ങുകളുള്ള പ്രദേശമാണിത്. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുക്കുവിന്റെ നിര്‍ദേശപ്രകാരമാണ് ഫീസുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഈ ചുവടുവെപ്പ് .

കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് മേഖലയിലെ ടൂറിസ്റ്റ് ഗൈഡുമാര്‍ക്കും ഗുണം ചെയ്യും. മേഖലയുടെ സാമ്പത്തിക വികസനവും സുസ്ഥിര വികസനവും ഇതുവഴി സാധ്യമാകുമെന്നാണ് ഹിമാചല്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു . ട്രെക്കിങ്ങിനുള്ള എന്‍ട്രി ഫീ 200 രൂപയില്‍ നിന്നും 100 രൂപയാക്കിയാണ് ഹിമാചല്‍ പ്രദേശ് വനം വകുപ്പ് കുറച്ചിരിക്കുന്നത്.
ഒരു ദിവസത്തേക്കുള്ള ഫീസാണിത്. ടെന്റിങ് ഫീസ് നേരത്തെ രണ്ടുപേര്‍ക്ക് 1,100 രൂപയായിരുന്നത് 550 രൂപയാക്കി. പ്രവേശന ഫീസ് ഉൾപ്പെടെയുള്ളതാണ് ടെന്റിങ് ഫീസ്. പ്രാദേശിക ടൂറിസ്റ്റ് ഗൈഡുമാരുടെ ഫീസ് പൂര്‍ണമായും എടുത്തുകളയാനും സര്‍ക്കാര്‍ തയാറായിരിക്കുകയാണ് . ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന് കീഴില്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്ത ഗൈഡുമാര്‍ക്കാണ് ഈ ഇളവുകൾ ലഭിക്കുക. സര്‍ക്കാരിന്റെ ഈ നീക്കവും ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വു നല്‍കും.
ട്രയുണ്ട് ട്രെക്കിങ്
ഹിമാചല്‍ സര്‍ക്കാരിന്റെ ഫീസിളവുകള്‍ ബാധകമായ പ്രധാന ട്രെക്കിങ്ങുകളിലൊന്നാണ് ട്രയുണ്ട്. ധര്‍മശാലയില്‍ നിന്നു ആരംഭിക്കുന്ന ട്രെക്കിങ്ങുകളിലൊന്നാണിത്. ധരംകോട്ടില്‍ നിന്നോ മക്‌ലോഡ്ഗഞ്ചില്‍ നിന്നോ ഭാഗ്‌സു, ഗാലു എന്നീ ഗ്രാമങ്ങളില്‍ നിന്നോ ഈ ട്രെക്കിങ് ആരംഭിക്കാം.ട്രെക്കിങ് ആസ്വദിക്കാന്‍ കുറഞ്ഞത് രണ്ടു ദിവസം വേണം. ആദ്യ ദിവസം ധരംകോട്ടില്‍ നിന്നു ട്രയുണ്ടിലേക്കുള്ള 5.45 കിലോമീറ്റര്‍ നടക്കണം. അതിരാവിലെ ട്രക്കിങ് ആരംഭിക്കുന്നതാണ് നല്ലത്. കാരണം ട്രെക്കിങ്ങിലെ ആദ്യ ഭാഗത്ത് സൂര്യന് അഭിമുഖമായാണ് നടക്കേണ്ടി വരിക.
ഒരു മണിക്കൂറോളം നടന്നു കഴിയുന്നതോടെ ഗാലു ക്ഷേത്രത്തിനടുത്തെത്തും. മക്‌ലോഡ്ഗഞ്ചില്‍ നിന്നും ഗല്ലു ദേവി ക്ഷേത്രത്തിലേക്ക് നേരിട്ട് ടാക്‌സിയില്‍ എത്താനും സാധിക്കും. ട്രയുണ്ടില്‍ ക്യാമ്പ് ചെയ്യാനും അവസരമുണ്ട്. വെള്ളം കൂടെ കരുതുന്നതാണ് നല്ലത്. ട്രെക്കിങ് സീസണില്‍ ട്രയുണ്ടില്‍ താല്‍ക്കാലിക ഭക്ഷണശാലകളും തുറക്കാറുണ്ട്. രാത്രി താമസത്തിന് ട്രയുണ്ടിലെ വനം വകുപ്പ് അതിഥി മന്ദിരത്തെയോ ടെന്റുകളെയോ ആശ്രയിക്കാം. റെസ്റ്റ് ഹൗസിലെ താമസത്തിന് ധര്‍മശാലയില്‍ നിന്നു തന്നെ ബുക്കിങ് നടത്തണമെന്നു മാത്രം.
ഒരൊറ്റ ദിവസം കൊണ്ടു തന്നെ തീര്‍ക്കാവുന്ന ട്രക്കിങ്ങാണ് ട്രയുണ്ട്. ഇവിടെ നിന്നു ധരംകോട്ടിലേക്കുള്ള 5.45 കിലോമീറ്റര്‍ ഏതാണ്ട് മൂന്നു മണിക്കൂറുകൊണ്ട് തിരിച്ചിറങ്ങാനാവും. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഹിമാലയത്തിലെ മനോഹരമായ പ്രഭാത അസ്തമയ ദൃശ്യങ്ങളാണ് നഷ്ടമാകുക. ടെന്റുകളില്‍ താമസിച്ചാല്‍ മനോഹരമായ ഹിമാലയന്‍ പ്രഭാതവും അസ്തമയവും ആസ്വദിക്കാനാവും. മണ്‍സൂണ്‍ കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളും അതിശൈത്യത്തിന്റെ ജനുവരി, ഫെബ്രുവരിയും ഒഴികെ എല്ലാ മാസങ്ങളിലും ഈ ട്രെക്കിങ് സാധ്യമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് പ്രധാന സീസണ്‍. ഡിസംബര്‍ മുതല്‍ മഞ്ഞു വീഴ്ചയും പ്രതീക്ഷിക്കാം.
#Himachal #halves #fees #attract #tourists #go #trip!
