(truevisionnews.com) പോഷക ഗുണങ്ങളാൽ സമ്പന്നമാണ് റാഗി. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൂടിയായതിനാൽ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഭക്ഷണമായി റാഗി നൽകാറുണ്ട്.
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ് റാഗി. റാഗി ഉപയോഗിച്ച് പല തരം വിഭവങ്ങൾ തയ്യാറാക്കാം. റാഗി കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
റാഗിപ്പൊടി - ഒന്നര കപ്പ്
അവൽ - അര കപ്പ് ( ഒരു കപ്പ് വെള്ളത്തിൽ പത്തു മിനിട്ട് കുതിർക്കുക )
തക്കാളി - 2 എണ്ണം
പച്ചമുളക് -2 എണ്ണം
വെളുത്തുള്ളി -2 അല്ലി
കായപ്പൊടി - കാൽ ടീസ്പൂൺ
കറിവേപ്പില -ഒരു തണ്ട്
മല്ലിയില അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി, പച്ചമുളക്, വെളുത്തുള്ളി, കായപ്പൊടി എന്നീ ചേരുവകൾ മയത്തിൽ അരച്ചെടുക്കുക. അതിന് ശേഷം റാഗിപ്പൊടി, അവൽ, അരച്ചെടുത്ത ചേരുവകൾ എന്നിവ ഒരുമിച്ചാക്കി ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വെയ്ക്കുക.
അര മണിയ്ക്കൂറിനു ശേഷം മല്ലിയിലയും, കറിവേപ്പിലയും ചെറുതായി അരിഞ്ഞത് മാവിൽ ചേർത്ത് യോജിപ്പിച്ചെടുക്കുക. ദോശക്കല്ലിൽ എണ്ണ പുരട്ടി ഓരോ തവി മാവ് വീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ദോശ ചുട്ടെടുക്കുക. രുചികരമായ റാഗി - ടൊമാറ്റോ ദോശ തയ്യാറായി.
#Ragidosa #morning #tea #tomorrow