ദൃശ്യഭംഗി കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന കൊരണപ്പാറയും ഉറിതൂക്കി മലയും വിനോദ സഞ്ചാര വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ മാറി നിൽക്കുകയാണ് ഇന്നും. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നിന്നും 14 കിലോമീറ്ററോളം മാറിയാണ് ഈ രണ്ടു മലകളും സ്ഥിതി ചെയ്യുന്നത്. കാടിനെ തൊട്ടറിഞ്ഞുള്ള യാത്രയും അരുവികളും മഴക്കാലങ്ങളിൽ കണ്ടുവരുന്ന കുഞ്ഞു വെള്ളച്ചാട്ടങ്ങളും എല്ലാം തന്നെ ഓരോ സഞ്ചാരിയുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.

സാഹസികത നിറഞ്ഞുള്ള പാറക്കെട്ടുകൾക്കിടയിലൂടെയുള്ള യാത്ര അവിടെയെത്തുന്ന ഓരോരുത്തർക്കും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതാണ്. ഈ പ്രദേശങ്ങൾ ഒരു ടൂറിസം മേഖലയായി വികസിപ്പിച്ചെടുത്താൽ സർക്കാരിന് അത് വലിയ മുതൽക്കൂട്ടാകും. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2000 അടിയോളം ഉയരത്തിലാണ് ഈ രണ്ടു മലകളും സ്ഥിതി ചെയ്യുന്നത്. ഉയരം കൂടിയ കുന്നുകളും ചെങ്കുത്തായി നിൽക്കുന്ന പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടവും നീർച്ചാലുകളും പുൽമേടുകളും എല്ലാം തന്നെ ഇവിടുത്തെ ദൃശ്യമനോഹാരിതയാണ്.
അതിരാവിലെ കോടമഞ്ഞാൽ പൊതിഞ്ഞും വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യൻറെ ചുവപ്പ് അണിഞ്ഞും നിൽക്കുന്ന ഈ മേഖല സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. പഴശ്ശി രാജാവ് യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സമയത്ത് വയനാട്ടിലേക്കുള്ള യാത്രയിൽ ഈ മലകളിൽ താമസിച്ചിരുന്നതായി ചരിത്രമുണ്ട്. ഈ മലകളോട് ചേർന്ന് നിൽക്കുന്ന പഷ്ണിക്കുന്നിൽ നിന്നും സ്വർണവും ഉടവാളും കിട്ടിയത് ഇതിൻറെ തെളിവായി കണക്കാക്കപ്പെടുന്നു. ആ സമയത്ത് ഭക്ഷണം ഉറികളിലാക്കി സൂക്ഷിച്ചിരുന്നത് ഈ മലയിലാണ്.
അതുകൊണ്ടാണ് ഈ മഴയ്ക്ക് ഉറിതൂക്കി മല എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. ഉറിതൂക്കിയോട് ചേർന്ന് കിടക്കുന്ന പഷ്ണിക്കുന്നിൽ പഴശ്ശി പട്ടിണി കിടന്നതായും അതിനാലാണ് ആ കുന്നിന് പഷ്ണിക്കുന്ന് എന്ന പേര് വന്നതായും പ്രാദേശിക ചരിത്രം പറയുന്നു. ഇതൊരു ടൂറിസം മേഖലയായി പ്രഖ്യാപിച്ചാൽ ഉറിതൂക്കിമല സ്ഥിതി ചെയ്യുന്ന നരിപ്പറ്റ പഞ്ചായത്തിനും കൊരണപ്പാറ സ്ഥിതി ചെയ്യുന്ന കായക്കൊടി പഞ്ചായത്തിനും ഈ മലകളിലേക്കുള്ള സഞ്ചാര പാത വികസിപ്പിച്ചെടുത്താൽ കാവലുംപാറ പഞ്ചായത്തിനും ഏറെ പ്രയോജനകരമാണ്.
കൊരണപ്പാറയുടെ ഏറ്റവും ഉയർന്ന ഭാഗത്തുനിന്നും നോക്കിയാൽ കടൽക്കാഴ്ച വരെ തെളിയും. ഇവിടെ നിന്നും നോക്കിയാൽ ഇടനാടും മലനാടും ചേരുന്ന ഭാഗവും പശ്ചിമഘട്ട മലനിരകളും കാണാൻ സാധിക്കും എന്നത് മറ്റൊരു കൗതുകമാണ്. കുറ്റ്യാടി ചെറുപുഴയും വലിയ പുഴയും സംഗമിക്കുന്ന കുറ്റ്യാടി പുഴയും പഴശ്ശിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനാൽ ഈ ഭാഗങ്ങളെല്ലാം കൂട്ടിയിണക്കി ഒരു ടൂറിസം പദ്ധതി വികസിപ്പിച്ചെടുത്താൽ അത് കുറ്റ്യാടിയുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് വളരെ ഗുണം ചെയ്യും.
#Mist #sunset #view #UrithookkiMala #Koranapara #hanging #tourists
