തിരുവനന്തപുരം:(www.truevisionnews.com) കോൺഗ്രസ് ബ്ലോക്ക് പുനഃസംഘനയിൽ ഇടഞ്ഞു നിൽക്കുന്ന എ, ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാൻ കെ.പി.സി.സി ആസ്ഥാനത്ത് കെ.സുധാകരനും ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ച സമവായമാവാതെ പിരിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വിളിച്ചത് കൊണ്ടാണ് വന്നതെന്നും ചർച്ചയിൽ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ചർച്ചക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

തൃപ്തികരമല്ലാത്തത് കൊണ്ടാണ് ഹൈക്കമാൻഡിന് പരാതി നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലക്ക് പിന്നാലെ എം.എം.ഹസനും കെ.പി.സി.സി ആസ്ഥാനത്തെത്തി കെ.സുധാരനെ കണ്ടു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ.ഐ ഗ്രൂപ്പുകളുടെ തീരുമാനം. മുതിർന്ന നേതാക്കളെ പോലും വിശ്വാസത്തിലെടുക്കാത്ത സതീശ െന്റ നിലപാടുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
ഒരുമിച്ചുള്ള പടയൊരുക്കത്തിനായി രമേശ് ചെന്നിത്തല, എം.എം.ഹസൻ, ബെന്നിബെഹനാൻ, ജോസഫ് വാഴക്കൻ, എം.കെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മസ്കത്ത് ഹോട്ടലിൽ യോഗം ചേർന്നു. ബ്ലോക് പുനഃസംഘനയിൽ നേരിട്ട വെട്ടിനിരത്തലും അവഗണനയും ഇനിയും സഹിക്കാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു.
ഹൈക്കമാൻഡിന് നൽകിയ പരാതിക്ക് പുറമെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷമായി നിലകൊള്ളാത്തതിനാൽ താരീഖ് അൻവറിനെ വിശ്വാസമില്ലെന്നും ഹൈക്കമാൻഡിനെ അറിയിക്കും. വയനാട്ടിലെ ലീഡേഴ്സ് മീറ്റിൽ മിഷൻ 2024 രാഷ്ട്രീയ രേഖ അവതരിപ്പച്ച വി.ഡി.സതീശന്റെ യഥാർത്ഥ ലക്ഷ്യം പാർട്ടി പിടിക്കലാണെന്ന് ഗ്രൂപ്പുകളുടെ ആക്ഷേപം. കെ.പി.സി.സി പ്രസിഡന്റിനെ മുൻനിർത്തിയുള്ള സതീശന്റെ നീക്കത്തിന് കെ.സി വേണുഗോപാലിന്റെ പിന്തുണയും ഉണ്ടെന്നാണ് പരാതി.
K. Sudhakaran and Ramesh Chennithala met to persuade the A and I groups who were left behind.
