May 6, 2025 03:25 PM

കോഴിക്കോട്: ( www.truevisionnews.com ) കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തിൽ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഷാഫി പറമ്പിൽ എംപി. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ലതാണെന്ന സ്പിരിറ്റിൽ നേതാക്കളെടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയര്‍ന്ന കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് പാര്‍ട്ടി ഉചിതമായ രീതിയിൽ ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും ഇക്കാര്യത്തിൽ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ സഭാ നേതൃത്വം ഇടപെട്ടുവെന്ന പ്രചരണം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

നേതൃമാറ്റം സംബന്ധിച്ച തീരുമാനം എന്തായാലും ഉടൻ എടുക്കണം. പാര്‍ട്ടിക്ക് അറിയാം എന്താണ് നല്ലതെന്ന്. ഒരുപാട് അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് പുക ഉയര്‍ന്ന സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും പുക ഉയര്‍ന്ന കെട്ടിടത്തിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് വരുത്തിത്തീർക്കാൻ തിരക്കിട്ട് നീക്കം നടത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. മെഡിക്കൽ കോളേജിൽ പൂർണ്ണ സുരക്ഷ ഓഡിറ്റ് നടത്തണം. സ്വകാര്യ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം. ഇക്കാര്യത്തിൽ ആശയക്കുഴപ്പം പാടില്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

Decision needed soon KPCC president post Shafi Parambil supports Rahul Mangkootatil opinion

Next TV

Top Stories