കണ്ണൂര്‍: പയ്യന്നൂര്‍ ഗവണ്‍മെന്‍റ് കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ച കേസിലെ അന്വേഷണം എങ്ങുമെത്താതെ പോലീസ് അവസാനിപ്പിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. അന്ന് എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്ന കെ വിദ്യയുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് അട്ടിമറിച്ചതായാണ് ആരോപണം.ഏഴു വര്‍ഷം മുമ്പാണ് പയ്യന്നൂര്‍ ഗവണ്‍മെന്‍റ് കോളേജ് അധ്യാപികയായ ഡോക്ടര്‍ പി പ്രജിതയുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചത്.

വീടിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പുലര്‍ച്ചെ രണ്ടു മണിയോടെ കത്തിക്കുകയായിരുന്നു. ഇതേ ദിവസം തന്നെ പയ്യന്നൂര്‍ കോളേജിലെ അധ്യാപകനായിരുന്ന ഉണ്ണിയുടെ കാറും കത്തിച്ചിരുന്നു. രണ്ടു പേരും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. ഇതിനു പിന്നില്‍ എസ് എഫ് ഐ ആണെന്നാണ് കെ എസ് യു ഉള്‍പ്പെടെ ആരോപിക്കുന്നത്.
അക്കാലത്ത് കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന കെ വിദ്യ ഇന്‍റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് അധ്യാപികയായ പ്രജിതയുമായി തെറ്റിയിരുന്നതായാണ് ആക്ഷേപം. ഇന്‍റേണലിനു പത്ത് മാര്‍ക്കായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും പ്രജിത 8 മാര്‍ക്കാണ് നല്‍കിയത്. ഇതിനെച്ചൊല്ലി എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളും അധ്യാപികയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് ഒരു സംഘം കാര്‍ കത്തിച്ചത്.
സംഭവത്തില്‍ അന്ന് പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് പിന്നീട് കേസ് അവസാനിപ്പിച്ചു. വിദ്യ ഉള്‍പ്പെടെയുള്ള എസ് എഫ് ഐ ക്കാരെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് അട്ടിമറിച്ചതായാണ് കോണ്‍ഗ്രസിന്‍റെ ആരോപണം . മുമ്പുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിനു ശേഷം കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നുമാണ് പയ്യന്നൂര്‍ പോലീസിന്‍റെ വിശദീകരണം.
Payyannur college teacher's car burning case closed mysteriously; accusations that it was to protect Kevidya
