മരട് (എറണാകുളം): മരട് പൊലീസ് സ്റ്റേഷന് സമീപം വഴിയരികിൽ അവശ നിലയിൽ കണ്ടെത്തിയ ഹൃദ്രോഗിയായ യുവാവ് മരിച്ചു. നെട്ടൂർ പുതിയാമഠം റോഡ് അടിമത്തറയിൽ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷ് (40) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ പൊലീസ് സ്റ്റേഷൻ മതിലിനു പുറത്ത് അവശനിലയിൽ കിടന്ന യുവാവിനെ നാട്ടുകാരും പൊലീസും കണ്ടെങ്കിലും മദ്യപനിയെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു.
ഹൃദ്രോഗിയും മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളുമാണ് ഇയാളെന്ന് ബന്ധുക്കൾ പറഞ്ഞു. മത്സ്യബന്ധനത്തിനുപ യോഗിക്കുന്ന വഞ്ചിയും വലയും സൂക്ഷിച്ച സ്ഥലത്ത് പോയി വ്യാഴാഴ്ച ഉച്ചയോടെ നെട്ടൂരിലെ വാടക വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം.
ഉച്ചയ്ക്ക് ഒന്നരയോടെ മരട് സ്റ്റേഷനിലേക്ക് വരികയായിരുന്ന ഹൈവേ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഇയാൾ മദ്യപിച്ചു കിടക്കുകയായിരിക്കുമെന്ന് പറഞ്ഞ് മടങ്ങിയതായി നാട്ടുകാർ പറഞ്ഞു.
പിന്നീട് മരട് സ്റ്റേഷനിലെ പൊലീസെത്തി പരിശോധിച്ചെങ്കിലും ഈ സമയം മല, മൂത്രവിസർജ്ജനത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ജീപ്പിൽ കയറ്റി കിടത്തി മരടിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് മരട് പൊലീസ് അറിയിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് നെട്ടൂർ ശാന്തിവനത്തിൽ നടക്കും.
A young man with heart disease who was found lying on the roadside has died