എറണാകുളം : (www.truevisionnews.com) മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇതിനിടെ, വിദ്യ ഒളിവിലാണെന്നാണ് അറിയുന്നത്. വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം.
അന്വേഷണസംഘം മഹാരാജാസ് കോളജിലെത്തി അധ്യാപകരുടെയും ജീവനക്കാരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ ചമച്ച് അട്ടപ്പാടി കോളജിൽ നിയമനം നേടാൻ ശ്രമിച്ച വിദ്യയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കാലടി സംസ്കൃത സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർഥിനി കൂടിയായ വിദ്യയെ ടെർമിനേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും, തട്ടിപ്പിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്.
വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറിൽ നിന്നുൾപ്പെടെ വിമർശനം ഉയരുകയാണ്.
Forgery Case; K. The police intensified the investigation against Vidya
