കല്‍പ്പറ്റ: മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഒരാളും ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മറ്റു രണ്ടുപേരുമാണ് പിടിയിലായത്.

കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഈ ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും വീഡിയോ കോള്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. മൂന്നാം പ്രതിയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
മൂന്ന് പ്രതികള്‍ക്കെതിരെയും പോക്‌സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
അതേസമയം, താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയായ കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടിയെ കാണാതായത്.
വ്യാഴാഴ്ച്ച രാത്രിയാണ് കുട്ടിയെ ചുരത്തിൽ വച്ച് പൊലീസ് കണ്ടെത്തിയത്. പ്രതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കോളേജിൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
വിദ്യാർത്ഥിനി പേയിംഗ് ഗസ്റ്റായി കോളജിന് സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്.
Sexual harassment of minor girl in Kalpetta; Three youths were arrested
