കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ അങ്കണവാടി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. പഞ്ചായത്ത് അംഗത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപികയുടെ മരണമെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു.

മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അങ്കണവാടി അധ്യാപികയായ ജലജ കൃഷ്ണ രണ്ട് ദിവസം മുന്‍പാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ജലജ കൃഷ്ണയും ഹെല്‍പ്പറായ സഹപ്രവര്‍ത്തകയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ സ്ഥലത്തെത്തി അങ്കണവാടി അടച്ചുപൂട്ടിയെന്നാണ് ആരോപണം.
ജലജ കൃഷ്ണയെ സസ്‌പെന്റും ചെയ്തു. ഇതിന്റെ മാനസിക പ്രയാസമാണ് അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സിപിഐഎമ്മിന്റെ പരാതി.
കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഭരണസമിതിയോഗം ഉപരോധിച്ചായിരുന്നു പ്രതിഷേധം. അധ്യാപികയുടെ അസ്വഭാവിക മരണത്തില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് യുഡിഎഫ് നിലപാട്. അങ്കണവാടിയിലെ അധ്യാപികയും ഹെല്‍പറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ പറഞ്ഞു.
Anganwadi teacher's suicide in Meppadi; CPIM alleges against ward member
