മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമീഷൻ. ഹൈകോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു.അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ കവർ കീറിയ നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ടുകൂടി എണ്ണണമെന്നും കാണിച്ചാണ് കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.
പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ ഈ ഹരജിയിൽ നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകി. അവശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നജീബ് ഉപഹരജിയും നൽകിയിരുന്നു. കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ തപാൽ സാമഗ്രികൾ ഹൈകോടതി നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു.
Perinthalmanna election; Tampering with boxes containing postal ballots
