ചാരുംമൂട് : (truevisionnews.in) കൊല്ലം - തേനി ദേശീയ പാതയിൽ ചാരുംമൂട് പത്തിശ്ശേരിൽ ക്ഷേത്രത്തിനു മുൻവശം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കുട്ടിയടക്കം നാല് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവർ ആയ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയിൽ ചോണേത്ത് അജ്മൽ ഖാൻ (തമ്പി-57) ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ചുനക്കര തെക്ക് രാമനിലയത്തിൽ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്.

ഓട്ടോയിലുണ്ടായിരുന്നചുനക്കര നടുവിൽ തെക്കണശ്ശേരി തെക്കതിൽ ദിലീപ് ഭവനം മണിയമ്മ (57) പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെന്നൈയിൽ ജോലി ചെയ്യുന്ന പ്രബിനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ചാരുംമൂട്ടിൽ നിന്ന് ചുനക്കരയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷ.
എതിർ ദിശയിൽ നിന്നു വരികയായിരുന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഓട്ടോ റിക്ഷ പൂർണ്ണമായും തകർന്നു . കാറിടിച്ച് വൈദ്യുത പോസ്റ്റിനും ഒടിവുപറ്റി. അപകടത്തിൽ എയർബാഗ് പ്രവർത്തിച്ചതിനാലാണ് കാറിലുണ്ടായിരുന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. തകർന്ന ഓട്ടോ റിക്ഷയിൽ കുടുങ്ങി കിടന്നവരെ 15 മിനിറ്റ് കഴിഞ്ഞാണ് പുറത്തെടുത്തത്.
ഇവരെ കാറിലും, ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. അനിൽകുമാർ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ ജീപ്പിലുമായാണ് കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചാരുംമൂട്ടിൽ നിന്നും സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും .ഷൈലയാണ് അജ്മലിന്റെ ഭാര്യ. മക്കൾ: അഫ്സൽ ഖാൻ, ആയിഷ. പരേതനായ രാമൻ നായരാണ് തങ്കമ്മയുടെ ഭർത്താവ്. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ശിവൻ, തുളസി, നാരായണൻ നായർ.
A car out of control rammed an auto, 2 person dead and 4 persom have inchuary