കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. അധ്യക്ഷ പദവിയിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തുന്നത്.'

രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാർഗെയ്ക്കൊപ്പം കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഉണ്ടാകും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം മല്ലികാർജുൻ ഖാർഗെ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടുമണിക്ക് കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടും. അതേസമയം, വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമാവുക.
Congress president Mallikarjun Kharge will arrive in Kerala today
