‘താൻ സവർക്കല്ല, മാപ്പ് പറയില്ല’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കോൺഗ്രസ് ബാന്ധവമൊക്കെ അംഗീകരിക്കുന്നു എന്നും ഇത്തരം പ്രസ്താവനകളിലൂടെ അത് തകർക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

തങ്ങളുടെ ദൈവത്തെ നിന്ദിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ വിള്ളലുണ്ടാവുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.
“നമ്മൾ ഒരുമിച്ചുചേർന്നു. അത് ശരിയാണ്. രാജ്യത്തിൻ്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നമ്മൾ ഒരുമിച്ചു. പക്ഷേ, വിള്ളലുകളുണ്ടാക്കും വിധമുള്ള പരാമർശങ്ങൾ നടത്തരുത്.
ബിജെപി നിങ്ങളെ പ്രകോപിപ്പിക്കും. ഇത് ഒഴിവാക്കിയില്ലെങ്കിൽ നമ്മുടെ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങും. സവർക്കർ ഞങ്ങളുടെ ദൈവമാണെന്ന് ഞാൻ രാഹുൽ ഗാന്ധിയോട് പറയുകയാണ്. ഈ അപവാദം ഞങ്ങൾ സഹിക്കില്ല.”- ഉദ്ധവ് താക്കറെ പറഞ്ഞു.
ആൻഡമാൻ തടവറയിൽ 14 വർഷത്തോളം സവർക്കർ ഊഹിക്കാൻ പറ്റാത്തത്ര പീഡനം അനുഭവിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതൊക്കെ നമുക്ക് വായിക്കാനേ കഴിയൂ. അവ പരിത്യാഗമാണ്. സവർക്കറെ അപഹസിക്കുന്നത് തങ്ങൾ സഹിക്കില്ല.
രാഹുൽ കന്യാകുമാരിയിൽ നിന്ന് കശ്‌മീർ വരെ നടന്നപ്പോൾ സഞ്ജയ് റാവത്ത് ഒപ്പം നടന്നു. ശിവസേന താങ്കൾക്കൊപ്പമുണ്ട്. പക്ഷേ, നമ്മുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്ന് തുറന്നുപറയാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് മാപ്പ് പറയുമോ എന്ന ചോദ്യത്തിന് മറുപടി ആയാണ് രാഹുൽ ഗാന്ധി സവർക്കറെ പരാമർശിച്ചത്. “എൻ്റെ പേര് ഗാന്ധിയെന്നാണ്, സവർക്കറെന്നല്ല. ഗാന്ധി മാപ്പ് പറയില്ല” എന്ന് രാഹുൽ പറഞ്ഞു. ഈ പരാമർശത്തിനെതിരെയാണ് ഉദ്ധവ് താക്കറെ രംഗത്തുവന്നത്.
ശിവസേന മുഖപത്രമായ സാംനയും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ചു. രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് അന്യായമാണ്. പക്ഷേ, സവർക്കറെ അവഹേളിച്ചാൽ സത്യത്തിൻ്റെ പോരാട്ടത്തിൽ അദ്ദേഹത്തിനു വിജയിക്കാനാവില്ല.
ഗാന്ധി രാജ്യത്തിനായി പരിത്യാഗം ചെയ്ത ഒരു കുടുംബത്തിൽ ജനിച്ചെന്നുള്ളത് സത്യമാണ്. പക്ഷേ, സവർക്കറും കുടുംബവും രാജ്യത്തിനായി പണിയെടുത്തവരാണ്. സവർക്കറെ അവഹേളിക്കുന്നത് രാഹുൽ ഗാന്ധിയോടുള്ള സഹതാപം കുറയ്ക്കുമെന്ന് സാംന എഡിറ്റോറിയലിൽ കുറിച്ചു.
Uddhav Thackeray is against Rahul Gandhi's remark that he is not Savarka and will not apologize
