എറണാകുളം: തൃശൂരിന് പിന്നാലെ കൊച്ചിയിലെ അങ്കമാലിയടക്കമുള്ള മേഖലകളിലും കനത്ത മഴയും ശക്തമായ കാറ്റും. രണ്ട് മേഖലകളിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈകിട്ടോടെ തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും എത്തുകയായിരുന്നു. തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിലാണ് മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായത്.
ഇവിടെ വാഴകൃഷിയിൽ വൻ നാശമാണ് സംഭവിച്ചതെന്നാണ് കണക്കുകൂട്ടൽ. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. വൈദ്യുതി ലൈനിനും തകരാർ സംഭവിച്ചു. വെള്ളിക്കുളങ്ങരയിലാകട്ടെ ആലിപ്പഴ പെയ്ത്തും ഉണ്ടായി. അതേസമയം അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമാണ് അനഭവപ്പെട്ടത്.മേഖലയിലും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കട പുഴകി വീണിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ നൽകിയ സൂചന. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും.
കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ കിട്ടുന്നതോടെ താപനിലയിൽ കുറവുണ്ടായേക്കും. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഒരു സ്റ്റേഷനിലും നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടില്ല.
Heavy rain and strong winds in kochi