കോഴിക്കോട് : ജന്മനാടിനെ .. കലയുടെ കോട്ടൂരിനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കൂട്ടാലിട സ്വദേശിയും ഡിജിറ്റൽ ഇല്ലസ്ട്രേറ്റർ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ അരോഷ് തേവടത്തിൽ.

ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണ ഉത്സവമായി മാറാനുള്ള ഒരുക്കത്തിലാണ് കോട്ടൂർ ഫെസ്റ്റ്. കോഴിക്കോട് ജില്ലയിലെ നാടക ആസ്വാദകരുടെയും, നാടക പ്രവർത്തകരുടെയും ഒരു കേന്ദ്രം കൂടിയാണ് കോട്ടൂർ സ്ഥിതിചെയ്യുന്ന കൂട്ടാലിട ഗ്രാമം. ഈ വർഷത്തെ കോട്ടൂർ ഫെസ്റ്റിന് നിരവധി പ്രത്യേകതയാണുള്ളത്.
കോവിഡിന് ശേഷം നടക്കുന്ന ആദ്യ ഫെസ്റ്റിവൽ എന്ന രീതിയിൽ വൻ ബഹുജന സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ഡൂഡിൽ മുനി എന്ന നാമത്തിൽ ചിത്രം വരക്കുന്ന അരോഷിന്റെ ഓരോ ചിത്രങ്ങൾക്കും വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളുമാണ്. ഇംഗ്ലീഷ് വാക്കായ Doodle ന്റെ അർത്ഥം കുത്തിവര എന്നാണ്. കുത്തിവരക്കുന്ന ഒരു മുനി എന്നതാണ് അരോഷ് Doodle Muni എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത്.
15 വർഷമായി പരസ്യ, സിനിമ നിർമ്മാണ മേഖലയിലാണ് അരോഷ് ജോലി ചെയ്തു വരുന്നത്. തൻ്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ തിരുവനന്തപുരത്തെ സ്റ്റാർക് കമ്മ്യൂണിക്കേഷൻസ് അഡ്വർടൈസ്‌മെന്റ് കമ്പനിയിൽ ആർട്ട് ഡയറക്ടർ ആയിട്ടാണ് അരോഷ് ജോലി ചെയ്തുകൊണ്ടിരുന്നത്.
അവിടെനിന്നും മലയാള മനോരമ, ഏഷ്യാനെറ്റ് ന്യൂസ്, തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും കേരള സർക്കാരിന്റെയും ബ്രാൻഡുകൾക്ക് വേണ്ടിയും പരസ്യങ്ങൾ ചെയ്തിരുന്നു. ചിത്രങ്ങളിലൂടെ ആയിരുന്നു കൂടുതലും പരസ്യങ്ങൾ ചെയ്തിരുന്നത്. സർക്കാരിന്റെ കേരള ടൂറിസം പ്രമോഷൻ പദ്ധതിക്ക് വേണ്ടി അനവധി ചിത്രങ്ങളാണ് വരച്ചത്.
അത്തരം സൃഷ്ടികൾ അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുകയും IAA Olive Crown, Big Bang, Maddies, Pepper ... തുടങ്ങിയ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. അന്താരാഷ്ട്ര സ്റ്റാളുകളിൽ കേരള ടൂറിസത്തിനു വേണ്ടിയുള്ള ഇല്ലസ്ട്രേഷൻ ജോലിയും ചെയ്തു. ഇന്ത്യക്ക് പുറത്തുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുവാൻ വേണ്ടിയാണിത്.
ചിത്രങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എങ്ങനെ മാറ്റം ഉണ്ടാക്കാം എന്നതായിരുന്നു അരോഷിന്റെ ചിന്ത. ചിത്രങ്ങളിലൂടെ കേരളത്തെ വർണിച്ച്, പല വ്യത്യസ്ത സ്റ്റൈലുകളിലൂടെ മാറ്റം വരുത്തി, മറ്റുള്ളവരുടെ അടുത്തേക്ക് കൃത്യമായി ചിത്രത്തിലൂടെ സന്ദേശം കൈമാറുക എന്നതായിരുന്നു ഉദ്ദേശിച്ചത്.
അഡ്വർടൈസ്‌മെന്റ് ഇല്ലസ്ട്രേഷൻ ആർട്ട് ഡയറക്ടർ എന്ന രീതിയിലുള്ള പ്രവർത്തനം കൊണ്ട് അത്ഭുതകരമായ മാറ്റങ്ങളാണ് ചിത്രകല മേഖലയിൽ അദ്ദേഹം കൊണ്ടുവന്നത്. ശേഷം 9 വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിലേ ഒഗിൾവി ആൻഡ് മാത്തർ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിൽ ആർട്ട് ഡയറക്ടർ ആയി ജോലി ചെയ്തു.
ലോകത്ത് തന്നെയുള്ള നമ്പർ വൺ അഡ്വർടൈസ്മെന്റ് ഏജൻസികളിൽ ഒന്നായ ഒഗിൾവിയിൽ നിന്നും പ്രശസ്ത ബ്രാൻഡുകളായ അഡിഡാസ്, ഐബിഎം, അല്ലെൻസോലി, ലെനോവോ എന്നിവയ്ക്ക് വേണ്ടിയെല്ലാം അരോഷ് വർക്കുകൾ ചെയ്തിട്ടുണ്ട്.
കൂടാതെ നമുക്കെല്ലാവർക്കും ഏറെ സുപരിചിതമായിട്ടുള്ള വൊഡാഫോൺ 'സൂസൂ' പരസ്യങ്ങളുടെ സൃഷ്ടാവായിട്ടുള്ള ഇന്ത്യയിലെ പ്രശസ്ത പരസ്യ സംവിധായകൻ പ്രകാശ് വർമയുടെ അഡ്വെർടൈസ്മെന്റ് ഫിലിമുകൾക്കുവേണ്ടിയെല്ലാം സ്റ്റോറിബോർഡ് തയ്യാറാക്കുന്നത് അരോഷ് ആണ്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ആയ കൊക്കക്കോള, വാട്സ്ആപ്പ് ,ഫേസ്ബുക്ക്, കാഡ്‌ബറി തുടങ്ങിയവയുടെയെല്ലാം പരസ്യങ്ങൾക്കു വേണ്ടി അരോഷ് സ്റ്റോറിബോർഡ് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സ്റ്റോറി ബോർഡ് എന്നാൽ സംവിധായകൻ പറയുന്ന കഥയിൽ നിന്നും ചിത്രകാരൻ ഭാവനയിൽ വരച്ചെടുക്കുന്ന സിനിമയുടെ രംഗങ്ങൾ ആണ്.
ഈ ചിത്രങ്ങളിൽ അഭിനയിക്കുന്ന അഭിനേതാവിന്റെ ഭാവങ്ങളും ശരീര ഭാഷയും കാമറ ആംഗിളും കോസ്ട്യുമും ലൊക്കേഷനും എല്ലാം വ്യക്തമാക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം സ്റ്റോറിബോർഡ് വർക്കുകൾ വളരെ പ്രയാസമേറിയതാണ്. ഫ്രെയിം ബൈ ഫ്രെയുമായി വരച്ചുകൊടുത്ത് അത് സ്റ്റോറിബോർഡ് ആയി ചെയ്താൽ മാത്രമേ പരസ്യം ചിത്രീകരിക്കാൻ പറ്റുകയുള്ളൂ.
ഫിലിം ചെയ്യുന്നതിനു മുമ്പുള്ള ഫിലിം എന്നതാണ് സ്റ്റോറി ബോർഡിനെ കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കൂട്ടാലിടയിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്. കൊറോണ കാലത്തു ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വന്ന അരോഷ് കോഴിക്കോട് ആസ്ഥാനമാക്കി ഓഫീസ് തുടങ്ങാനാണ് തീരുമാനിക്കുന്നത്. വൈകാതെ ആ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ്.
ആർട്ട് മേഖലയിലാണ് ഭാര്യ സിനു രാജേന്ദ്രനും ജോലി ചെയ്യുന്നത് എന്നത് കൊണ്ട് അരേഷിന് കുടുംബത്തിൽ നിന്നുള്ള പിന്തുണ ഏറെയുണ്ട്. ഇരുവരും ഫൈൻ ആർട്സ് കോളേജിലെ പഠനം കഴിഞ്ഞതിനുശേഷമാണ് ഈ മേഖലയിലേക്ക് വന്നത്. ബാംഗ്ലൂരിൽ വെച്ച് കണ്ടുമുട്ടുകയും പിന്നീട് ജീവിതത്തിൽ ഒരുമിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് നാലുവർഷമായി മകൾ ജാൻകി അരോഷിന് രണ്ടര വയസ്സ് പ്രായമായി. ഭാര്യ സിനു ഇപ്പോൾ മക്രമേ ആർടിസ്റ് ആയിട്ടാണ് വർക്ക് ചെയ്യുന്നത് . നൂലുകൾ കൊണ്ട് പലതരത്തിലുള്ള കെട്ടുകൾ ഉണ്ടാക്കി സൃഷ്ടിച്ചെടുക്കുന്ന ഒരു തരാം ഹാൻഡിക്രഫ്ട് ആർട്ട് ആണ് മക്രമേ ആർട്ട്. ഇങ്ങനെ ചെയ്യന്ന കസ്റ്റമൈസ്ഡ് ആർട്ട് വേറുകൾക്കു ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.
വീടുകളിൽ വാൾ ഡെക്കറേഷൻ ആയിട്ടും പ്രിയപ്പെട്ടവർക്ക് ഗിഫ്റ് നൽകാനുമെല്ലാമാണ് ഇത്തരം ആർട്ട് വർക്കുകൾ കൂടുതലും ചെയ്തുകൊടുക്കുന്നതു. അരോഷിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളിൽ കൂടുതലും അറോഷിന്റെ തന്നെ ജീവിത ചുറ്റുപാടുകളിൽ നിന്നും അനുഭങ്ങളിൽ നിന്നും സൃഷ്ടിച്ചെടുത്തവയാണ്. സ്വന്തം വീട്ടിലും നാട്ടിലും നടക്കുന്ന രസകരമായയിട്ടുള്ള കുഞ്ഞു കഥകളാണ് അരോഷ് തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കാറുള്ളത്.
അതിൽ സ്വന്തം മകൾ ജാൻകിയുടെ കഥകൾ പറയുന്ന 'ജാനകി ക്രോണിക്കൽസ്' എന്ന ഇല്ലുസ്ട്രേഷൻ സീരീസ് വളരെ ജനപ്രീതി പിടിച്ചു പറ്റിയിട്ടുള്ള ചിത്രങ്ങളാണ്. തൻറെ ജന്മനാടായ കൂട്ടാലിടയെ കുറിച്ചും നിരവധി ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ വരച്ചിടാറുണ്ട്. ഇത് കാണുമ്പോൾ മറ്റുള്ളവർക്ക് കൗതുകം ജനിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് അന്യ നാട്ടുകാർക്ക്. കോട്ടൂർ ഫെസ്റ്റിനു വേണ്ടി ഇനിയും ചിത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അരോഷ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
Doodle Sage by Arosh to add color to the couture fest
