ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 66% വും 35 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാർത്ഥികളെയും യുവാക്കളെയും അടിമകളാക്കി പണവും ജീവനും അപഹരിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് മൂക്ക് കയർ വീഴാൻ പോകുന്നു.

2000 ത്തിലെ ഐടി നിയമത്തിലെ 87 ആം വകുപ്പിൽ ഉൾപ്പെടുത്തി ഓൺ ലൈൻ ഗെയിംമുകൾക്ക് പുതിയ നിയന്ത്രണങ്ങളു ചട്ടങ്ങളും ഏർപ്പെടുത്തുന്നതിന് കരട് ചട്ടം പൊതുജനങ്ങൾക്കായി അഭിപ്രായത്തിന് വേണ്ടി കേന്ദ്ര സർക്കാർ ലഭ്യമാക്കിയിരിക്കുകയാണ്, ജനുവരി 17 നകം അഭിപ്രായം രേഖപ്പെടുത്തുവാൻ അവസരം ഉണ്ട്.
എന്താണ് ഓൺലൈൻ ഗെയിമുകൾ...?
സ്മാർട്ട് ഫോണുകളിലൂടെയോ കമ്പ്യൂട്ടറുകളിലൂടെയോ മറ്റ് കമ്പ്യൂട്ടർ ഉപകരണങ്ങളിലൂടെയോ ഇന്റർനെറ്റ് ലഭ്യമായി കളിക്കുവാൻ സാധിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ ഗെയിമുകൾ എന്ന് പറയുന്നത്.
ചതിക്കുഴികളും സാമ്പത്തിക നഷ്ടവും അപകടവും പതിയിരിക്കുന്ന ഓൺലൈൻ ഗെയിമുകളെ നാളിതുവരെ അധികൃതർ നിയന്ത്രിക്കുകയോ പരിശോധിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല, എന്നാൽ ഐഎസ്ആർഒ ജീവനക്കാരൻ മുതൽ 14 വയസ്സുള്ള കുട്ടികൾ വരെ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തത് സർക്കാരിന്റെ കണ്ണ് തുറപ്പിച്ചു.
17 പേർ ജീവനൊടുക്കിയ തമിഴ്നാട്ടിൽ ഓൺലൈൻ ഗെയിം നിരോധിച്ചു,കർണാടക ഓൺലൈൻ ഗെയിം ഉൾപ്പെടെയുള്ള ചൂതാട്ടങ്ങളെ നിരോധിച്ചു, കേരള സർക്കാരിന്റെ ഓൺലൈൻ റമ്മികളി നിരോധനം, റമ്മി കളിയിൽ വൈദഗധ്യം വേണ്ട കളിയാണ് എന്നും, ഭാഗ്യ പരീക്ഷണം അല്ലെന്നും അതിനാൽ കേരള ചുതാട്ട നിയമത്തിലെ 14 എ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തത് ഓൺലൈൻ ഗെയിമുകൾക്ക് പ്രചാരണം ഉണ്ടാക്കിക്കൊടുത്തു.
ചുതാട്ട നിയമപ്രകാരം പണം വെച്ചുള്ള വാതുവെപ്പും, കളികളും ചുതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടും , ഓൺലൈൻ ഗെയിം ഭാഗ്യ പരീക്ഷണമല്ലെന്നും വൈദഗ്ധ്യം വേണ്ട കളികൾ ആണെന്നും ചുതാട്ടത്തിന്റെ ഭാഗമല്ലെന്നും വിവിധ കോടതികളിൽ സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തിലും, വൈദഗ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചുതാട്ടമല്ലെന്ന നിയമവും ഈ രംഗത്ത് ഉണ്ടാക്കിയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് കേന്ദ്രസർക്കാർ പുതിയ നിയമം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത്.
10 കോടി രൂപ വരെ സമ്മാനത്തുക നിശ്ചയിച്ച ഓൺലൈൻ ഗെയിമുകളിലേക്ക് യുവജനത ഹരത്തോടെ മുഴുകിയിട്ടും നിർമ്മിത ബുദ്ധിയിലതിഷ്ഠിതമായ പ്രോഗ്രാമുകളോട് മനുഷ്യർ കളിച്ച് അവശരായിട്ടും, കുട്ടികൾ അടിമകളായി ഡി അഡിക്ഷൻ സെന്ററുകളിലേക്ക് പ്രവേശിക്കപ്പെട്ടിട്ടും, യുവത നേരിടുന്ന ഒരു വലിയ സാമൂഹ്യ പ്രശ്നമായി ഓൺലൈൻ ഗെയ്മുകളെ തിരിച്ചറിയുവാൻ വൈകി എന്നത് ഒരു സത്യമാണ്, ഡിജിറ്റൽ മാധ്യമങ്ങളെ ലക്ഷ്യമാക്കിയിട്ടുള്ള രാജ്യത്തെ ഐടി നിയമങ്ങളെല്ലാം തന്നെ ഓൺലൈൻ ഗെയിമുകൾക്കും ബാധകമാകുമെന്ന് കരട് നിയമത്തിൽ വിവക്ഷിക്കുന്നു
ഓൺലൈൻ ഗെയിംമിന്റെ സാമ്പത്തിക പ്രതലം
2026 ഓടുകൂടി ഇന്ത്യയിലെ ഓൺലൈൻ ഗെയിം വ്യവസായം 56995 കോടി രൂപയുടെ വളർച്ച നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.ഇന്ത്യ ലോകത്തിലെഅഞ്ചാമത്തെ ഓൺലൈൻ ഗെയിം വിപണിയാണ്.
400 ലധികം ഓൺലൈൻ ഗെയിം സ്റ്റാർട്ടപ്പുകളും 900 ലധികം ഗെയിമിംഗ് കമ്പനികളും ഇന്ത്യയിൽ ഉണ്ട്. ഓൺലൈൻ ഗെയിം വ്യവസായത്തിൽ ഇന്ത്യയുടെ സംഭാവന ആഗോളതലത്തിൽ 13%ആണ്. ഇന്ത്യയിൽ 2020 ൽ 22% കളിക്കാരുള്ള ഓൺലൈൻ ഗെയിം 2022 ആയപ്പോൾ 51%ആയി കളിക്കാരുടെ എണ്ണം വർദ്ധിച്ചു.
ഇന്ത്യയിൽ 2021ൽ 390 ദശ ലക്ഷം ഓൺലൈൻ ഗെയിം കളിക്കാരാണെങ്കിൽ 2023 അത് 507 ദശലക്ഷം ആകുന്നതാണ്. ഓൺലൈൻ ഗെയിം വ്യവസായത്തിൽ പണം നിക്ഷേപിക്കുന്നതിന്റെ വളർച്ച 383 % ആണ് കൈവരിച്ചത്. അഞ്ചു കോടിയിലധികം ഓൺലൈൻ ഗെയിം കളിക്കാരാണ് ആഴ്ചയിൽ 8 മണിക്കൂർ വരെ ഗെയിം കളിക്കുന്നത്.
പുതിയ നിർദ്ദേശങ്ങൾ
പരാതി പരിഹാര സംവിധാനം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം, ഉപഭോക്താക്കളുടെ ആധികാരികത, സേവനങ്ങളുടെ രജിസ്ട്രേഷൻ, സുതാര്യത,വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുമെന്ന് പുതിയ നിയമത്തിൽ സൂചിപ്പിക്കുന്നു.
ആറ് വകുപ്പുകൾ ഉള്ള നിയമത്തിൽ ഇന്ത്യയിൽ ഓൺലൈൻ ഗെയിമ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുകയും അങ്ങനെ രജിസ്റ്റർ ചെയ്ത വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും വേണം ,ഫീസ് പ്രവർത്തനരീതി ,പണം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ എന്നിവ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ പരസ്യപ്പെടുത്തണം, നിയന്ത്രണങ്ങൾ ,സ്വകാര്യത നയം, സേവനം, കാലയളവ് ,ഉപയോക്താക്കളുമായുള്ള കരാറുകൾ തുടങ്ങിയവ കളിക്കുന്നവരെ അറിയിക്കണം.
പണനഷ്ടത്തിന്റെ വിവരങ്ങൾ ,അടിമയാകാതിരിക്കാനുള്ള സാധ്യത തുടങ്ങിയവ രേഖപ്പെടുത്തണം ,കൂടാതെ മറ്റ് കളിക്കാരെ കബളിപ്പിക്കുന്ന പ്രവണത കൂടി വരുന്നതിനാൽ കളിക്കുന്ന എല്ലാവരുടെയും അക്കൗണ്ട് കമ്പനികൾ പരിശോധിച്ചു ഉറപ്പ് വരുത്തണം, പുതിയ അക്കൗണ്ട് ആരംഭിക്കുന്നതിന് റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന രേഖകൾ ആവശ്യപ്പെടാവുന്നതാണ്.
ഇങ്ങനെ ഹാജരാക്കുന്ന രേഖകളോ വിവരങ്ങളോ മറ്റൊന്നിനും തന്നെ കമ്പനികൾ ഉപയോഗപ്പെടുത്താൻ പാടുള്ളതല്ല .ഉപഭോക്താവിന്റെ മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങൾ ഒന്നിച്ച് ഗെയിം കളിക്കുന്നവർക്ക് മനസ്സിലാക്കുവാൻ ഈ നിയമം പര്യാപ്തമാക്കുന്നതാണ്. ഇന്ത്യയിൽ മേൽവിലാസം ഉള്ളവർക്കെ ഗെയിം കമ്പനികൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ എന്നത് വിദേശത്തുനിന്നുള്ള കള്ളനാണയങ്ങൾ ഈ മേഖലയിൽ കടന്നുവരുന്നത് തടയാൻ സാധിക്കുന്നതാണ്.
സോഷ്യൽ മീഡിയ പോലെ ഓൺലൈൻ ഗെയിം കമ്പനികൾ സ്വന്തമായി ഒരു പരാതി പരിഹാര സംവിധാനം ഒരുക്കണം. പരാതികളിൽ ഐ ടി നിയമങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കണം. പരാതികൾ സംബന്ധിച്ചു ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. കൂടാതെ ഓൺലൈൻ കമ്പനികൾ സേവനത്തിന്റെ നിയമവിധേയമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു മുഖ്യ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണം.
കൂടാതെ അത്യാവശ്യ കാര്യങ്ങൾക്ക് അധികൃതർക്ക് ബന്ധപ്പെടുന്നതിന് വേണ്ടി മറ്റൊരു ഓഫീസറെ കൂടി ഓൺ ലൈൻ കമ്പനികൾ നിയമിക്കണമെന്ന് കരട് നിയമത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഓൺലൈൻ ഗെയിമ് കമ്പനികൾ ഒരു സ്വയം നിയന്ത്രിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്നത് ഇന്ത്യയിലെ ഓൺലൈൻ ഗെയിമ് സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ വരികയാണ് ,ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സെൽഫ് റെഗുലേഷൻ കമ്പനികൾക്ക് മാത്രമേ ഇനിമുതൽ ഓൺലൈൻ ഗെയിമുകൾ നടത്താൻ സാധിക്കുകയുള്ളൂ. ഗെയിമിംഗ് രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്കും , കമ്പനി നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾക്കും , സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കും സെൽഫ് റെഗുലേഷൻ ബോഡിയായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓൺലൈൻ കമ്പനികളിൽ പ്രാവണ്യം ഉള്ളവർ ഗെയിമിംഗ് രംഗത്ത് പരിചയം, കായികം വിനോദംഎന്നിവയിലുള്ള വ്യക്തികൾ ഓൺ ലൈൻ സ്ഥാപന നടത്തിപ്പിൽ ഉണ്ടാകണം,കൂടാതെ കളിക്കാരെ പ്രതിനിധീകരിച്ച് ഒരാളെ കൂടി സെൽഫ് റെഗുലേഷൻ ബോഡിയിൽ നിർബന്ധമായും ഉൾപ്പെടുത്തണം.സൈക്കോളജി, മെഡിസിൻ ഉപഭോക്ത വിദ്യാഭ്യാസം എന്നീ മേഖലയിലുള്ളവർക്കും പ്രാതിനിധ്യം ഉണ്ടാകണം.
കൂടാതെ സർക്കാർ നിർദ്ദേശം ചെയ്യുന്ന പൊതുനയം, പൊതുഭരണം, നിയമപാലനം, സാമ്പത്തികംതുടങ്ങിയവയിൽ ഏതെങ്കിലും ഒരു മേഖലയിൽ നിന്നുള്ള ഒരാളെ സർക്കാർ ഈ സംവിധാനത്തിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള നിർദ്ദേശം സെൽഫ് റെഗുലേഷൻസ് ബോഡിയുടെ പ്രവർത്തനം കുറ്റമറ്റതാക്കുവാൻ സഹായിക്കുന്നതാണ്.
സെൽഫ് റെഗുലേറ്ററി ബോഡിക്ക് ,ഓൺലൈൻ ഗെയിമ് സേവനത്തിന് അംഗത്വ അപേക്ഷകൾ സ്വീകരിച്ച് നിയമവിധേയമായി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അംഗത്വം നൽകുവാൻ കരട് നിയമം നിർദ്ദേശിക്കുന്നു.
ഇങ്ങനെ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഗെയിമ് സ്ഥാപനങ്ങളുടെ വിവരങ്ങൾ നിയന്ത്രണാധികാരസമിതി കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനാൽ എത്ര ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നും എത്രപേർ ഗെയിം കളിക്കുന്നുണ്ട് എന്നും കൃത്യമായി സർക്കാറിന് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.
ഇങ്ങനെ രജിസ്റ്റർ ചെയ്ത സ്ഥാപങ്ങളുടെ മുഴുവൻ വിവരങ്ങളും പ്രദർശിപ്പിക്കണം, ഓൺലൈൻ ഗെയിമിനുള്ള സമ്മാനങ്ങൾ അതിനുവേണ്ടി ആദ്യം മുടക്കേണ്ട പണം, അവയുടെ പിൻവലിക്കൽ, പണത്തിന്റെ സുരക്ഷ, എന്നിവ സംബന്ധിച്ച് കണ്ണാടി പോലെ കാര്യങ്ങൾ സുതാര്യമാകും എന്ന് കരട് നിയമം വിവരിക്കുന്നു.
രാജ്യത്ത് നിയമങ്ങൾക്ക് വിരുദ്ധമായതോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള ഗെയിമുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല, 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തും എന്നത് വലിയ ആശ്വാസമാണ് രക്ഷിതാക്കൾക്ക് നൽകുന്നത്.
ഫലപ്രദമായി നടപ്പിലാക്കിയാൽ കുട്ടികൾ ഓൺലൈൻ അടിമകളാകുന്ന വർത്തമാന സാഹചര്യം ഒഴിവാക്കുവാൻ നിയമം കൊണ്ട് സാധിക്കുന്നതാണ്. അതിവേഗം വളർന്ന് വികസിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ വൈദഗ്ധ്യം കടന്നുവരുന്നതിനാൽ കടുത്ത നിയന്ത്രണമില്ലെങ്കിൽ യുവതലമുറയുടെ ക്രയ വിക്രയ ശേഷിയും കർമ്മ കുശലതയും നഷ്ടപ്പെട്ടു പോകുന്നതാണ്.
ഒരു പ്രാവശ്യം കളിച്ചാൽ അതിവേഗം അടിമപ്പെട്ടു പോകുകയും കൂടുതൽ സമയം വ്യഗ്രതയോടെ കളിക്കാൻ ആഭിമുഖ്യം കാണിക്കുകയും ചെയ്യുന്നതിനാൽ മനുഷ്യന്റെ സാമൂഹിക ഇടപെടുകളിൽ നിന്നും യുവജനങ്ങളെ അകറ്റാൻ അമിതമായ ഓൺലൈൻ ഗെയിമുകൾ കാരണമാകുന്നതാണ്.
നിലവിൽ ഒരു നിയമത്തിന്റെയും പരിധിയിൽ വരാത്ത ഓൺലൈൻ ഗെയിമുകൾക്ക് പുതിയ നിയന്ത്രണം സംവിധാനം ഉണ്ടാക്കുവാൻ പുതിയ നിയമം കൊണ്ട് സാധിക്കുമെങ്കിലും വളർന്നു വ്യാപാരിച്ച ഓൺലൈൻ ഗെയിം വിപണിയെ പൂർണമായും നിയന്ത്രിക്കാൻ നിയമം പര്യാപ്തമാണോ എന്ന് കാത്തിരുന്ന് കാണേണ്ടതായിട്ടുണ്ട്.
കൂടാതെ ലോകം ഡിജിറ്റൽ യുഗത്തിലായതിനാൽ ഓൺലൈൻ ഗെയിമുകളിൽ ഇന്ത്യയിൽ നിന്നുള്ളത് മാത്രം നിയന്ത്രിച്ചാൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുമകളെ തേടിയുള്ള യാത്രയിൽ യുവജനത രാജ്യത്തിന് പുറത്തുനിന്നുള്ള ഗെയിമുകൾ കളിക്കുന്നത് നിയന്ത്രിക്കുവാൻ ഈ നിയമം പര്യാപ്തമല്ല.
കൂടാതെ നിലവിലുള്ള നിയന്ത്രണ സംവിധാനത്തിൽ ഒരു ജുഡീഷ്യൽ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ പദവിയിലുള്ളവരെ ഉൾപ്പെടുത്തിയാൽ കൂടുതൽ ആധികാരികമാകും . ചുതാട്ടം വാതു വെപ്പ് എന്നിവ സംസ്ഥാന വിഷയമാണെങ്കിലും ഇന്റർനെറ്റ് ഉപയോഗിച്ച് പണം ഇടപാട് തടയാനുള്ള ബാധ്യത കേന്ദ്രസർക്കാറിനുള്ളതിനാലാണ് പുതിയ നിയമത്തിന്റെ കരട് പുറപ്പെടുവിച്ചത്.
ഗെയിമുകളുടെ അന്തിമഫലത്തിൽ പണമിടപാടുകൾ നിയന്ത്രിക്കുമെന്നത് പൂർണ്ണമായും നടപ്പിലാക്കിയാൽ ഭാവിയിലെ വലിയ ദുരന്തം ഒഴിവാക്കാവുന്നതാണ്.
ഗെയിം ആപ്പുകളിൽ സമയം ചെലവഴിക്കുന്നത് 21% വർധിക്കുകയും ,5 ജി നെറ്റ് കണക്ഷൻ രാജ്യത്ത് ലഭിക്കുകയും ചെയ്തതോടെ ഓൺലൈൻ ഗെയിം വൻ കുതിപ്പിലേക്ക് പോകുന്ന അവസരത്തിലാണ് പുതിയ നിയമത്തിന്റെ കരട് പൊതു ജനങ്ങൾക്ക് അഭിപ്രായത്തിന് വേണ്ടി പരസ്യ പെടുത്തിയിരിക്കുന്നത് ,സമൂഹത്തിൽ വിനയായി കൊണ്ടിരിക്കുന്ന ഓൺ ലൈൻ ഗെയിമുകളിൽ അഭിപ്രായം രേഖപെടുത്തുവാനുള്ള അവസരം ഉപയോഗപ്പെടുത്തുവാൻ പൊതു ജനങ്ങൾ മുന്നോട്ട് വരേണ്ടതായിട്ടുണ്ട് .

Article by ടി ഷാഹുൽ ഹമീദ്
*
Will online games fall under the rope...? Central government has released a new draft rule
