നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമായ ഒറൈയോൺ പേടകം ചന്ദ്രനെ ചുറ്റിയ ശേഷം ഇന്ന് തിരികെയെത്തും. ആളില്ലാ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ.

25 നാൾ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒറൈയോൺ പേടകം ഇന്ന് ഭൂമിയിൽ തിരിച്ചെത്തുന്നത്. ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അകലെ വരെ ചെന്ന പേടകം തിരികെയെത്തുമ്പോൾ നെഞ്ചിടിപ്പോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തെ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലേക്ക് കൊണ്ട് വരണം.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തെയും ഉയർന്ന താപത്തേയും അതിജീവിക്കണം. രണ്ടായിരത്ത് എണ്ണൂറ് ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് ഒറൈയോണിന്റെ പുറംപാളി തടുക്കേണ്ടത്. ഇതെല്ലാം കഴിഞ്ഞ് പാരച്യൂട്ടുകളും മറ്റ് സംവിധാനങ്ങളും ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കണം.
എവിടെയാണോ ഇറക്കാൻ ഉദ്ദേശിച്ചത് അവിടെ തന്നെ പേടം ഇറങ്ങുകയും വേണം. എല്ലാം കൃത്യമായാൽ മാത്രമേ അടുത്ത ദൗത്യത്തിൽ മനുഷ്യനെ പേടകത്തിൽ കയറ്റി ചന്ദ്രനിലേക്ക് അയക്കാൻ പറ്റുകയുള്ളൂ. നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ഒരു പേടകത്തെ തിരികെ ഭൂമിയിലിറക്കുന്നതിൽ പുതുമയൊന്നുമില്ല, പക്ഷേ ഒറൈയോണിന്റെ പുനപ്രവേശം ഇത് വരെ പരീക്ഷിക്കാത്ത ഒരു വിധത്തിലാണ്.
സ്കിപ് എൻട്രി എന്നാണ് ഈ രീതിയുടെ പേര്. ഒരു വട്ടം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഒന്ന് തെറിച്ച് പുറത്തേക്ക് പോയി വീണ്ടും പ്രവേശിക്കുന്നതാണ് രീതി. ഒരു കല്ലെടുത്ത് വെള്ളത്തിന് മുകളിലൂടെ എറിഞ്ഞ് ചാടിക്കുന്നത് പോലെയെന്ന് പറയാം.
ഭൂമയിലേക്കുള്ള തിരിച്ചിറക്കം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനാണ് ഈ പുതിയ രീതി. സാൻഡിയാഗോയിൽ നിന്ന് എൺപത് കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിൽ ഗ്വാഡലൂപ്പെ ദ്വീപിന് അടുത്താണ് പേടകം ഇറങ്ങാൻ പോകുന്നത്. പേടകത്തെ കരക്കെത്തിക്കാനായി യുഎസ്എസ് പോർട്ട്ലാൻഡ് എന്ന കപ്പലും തയ്യാറാണ്.
Having completed its lunar mission, the Orion spacecraft will return today
