മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ ഹിൽസ്റ്റേഷനുകളാണ് മികച്ച ചോയ്സ്. ട്രെക്കിങ്ങ് പ്രിയരുടെ ഇഷ്ടലൊക്കോഷനായി മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ മനോഹര ഹിൽസ്റ്റേഷനായ മൽഷേജ് ഘട്ട്. നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും വശീകരിക്കും.
മഴക്കാലത്തിലാണ് ഇവിടെ കൂടുതൽ സുന്ദരിയാകുന്നത്. വെള്ളച്ചാട്ടങ്ങളുടെ ഒഴുക്ക് കൂടും, എങ്ങും പച്ചപ്പിന്റെ സൗന്ദര്യമായിരിക്കും. ഫോട്ടോഗ്രാഫർമാരുടെയും പറുദീസയാണിവിടം. സിറ്റിയിലെ കോലാഹലത്തിൽ നിന്ന് മാറി പ്രകൃതിയുെട മടിത്തട്ടിലേക്ക് യാത്ര തിരിക്കാം. പ്രകൃതി സൗന്ദര്യം നിറഞ്ഞ ഒരു സ്വർഗീയഭൂമിയാണ് മൽഷേജ് ഘട്ട്.
എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും മലനിരകളുും ജൈവസമ്പത്തുകൊണ്ടും അനുഗ്രഹീതമാണിവിടം. വീക്കെൻഡിൽ അവധിയാഘോഷമാക്കുവാനായി നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. മാൽഷെജ് വെള്ളച്ചാട്ടം, അതിമനോഹരമായ പിമ്പാൽഗാവോൺ ഡാം, ഹരിചന്ദ്ര ഘട്ട്, അജോബ ഹിൽ കോട്ട എന്നിവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.
മഞ്ഞിൽപൊതിഞ്ഞ മലനിരകളുടെ കാഴ്ചയും അവിസ്മരണീയമാണ്. വന്യജീവികൾക്കും പേരുകേട്ടയിടമാണ് മൽഷേജ് ഘട്ട്. കടുവ, പുള്ളിപ്പുലി, മുയലുകൾ, മയിൽ എന്നിവ ഇവിയെയുണ്ട്. മാൽഷെജ് ഘട്ടിനടുത്തുള്ള പ്രശസ്തമായ സ്ഥലമാണ് ഖിരേശ്വർ. ഇൗ ഗ്രാമത്തിൽ നിന്ന് ഹരിശ്ചന്ദ്രഗഡ് സന്ദർശിക്കാം. ഈ പ്രദേശത്തെ മലയോര മേഖലകളിൽ ധാരാളം വെള്ളച്ചാട്ടങ്ങൾ കാണാം.
മാൽഷെജ് ഘട്ടിൽ സന്ദർശകരെ കാത്ത് വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി, സമീപത്തുള്ള മലനിരകളിൽ കാൽനടയാത്ര നടത്താം, കൂടാതെ പ്രകൃതിസ്‌നേഹികൾക്കായി വെള്ളച്ചാട്ടങ്ങളും പച്ചപ്പുമുണ്ട്. പക്ഷി പ്രേമികൾക്ക് പിങ്ക് ഫ്ലമിംഗോകളുടെ കാഴ്ചയും ആസ്വദിക്കാം.
എല്ലാ വർഷവും ജൂലൈ മുതൽ സെപ്തംബർ വരെ പിങ്ക് ഫ്ലമിംഗോകളെ കാണാം. ഓഗസ്റ്റ് ,സെപ്തംബർ മാസങ്ങളാണ് മാൽഷെജ് ഘട്ട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം, ഈ സീസണിൽ ഈ പ്രദേശം പച്ചപ്പണിഞ്ഞു നിൽക്കും.
How about going to enjoy the rain, snow and cold together?