ദില്ലി:(truevisionnews.com) പത്ത് ദിവസങ്ങളായി മൂന്നു വയസുകാരിക്ക് മാറാത്ത പനിയും ഛർദ്ദിയും. എക്സ് റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ കണ്ടെത്തിയത് കുടുങ്ങിക്കിടക്കുന്ന നിലക്കടല. ദില്ലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. അതീവഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. പെട്ടെന്ന് തന്നെ ചികിത്സ ഉറപ്പാക്കിയിരുന്നില്ലെങ്കിൽ കുട്ടിയുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത് എന്നാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.

10 ദിവസങ്ങളോളം പനിയും ഛർദ്ദിയും മാറാതെ നിന്നതോടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. പിന്നീട്, വിശദമായ പരിശോധന നടത്തി. അതിൽ നെഞ്ചിന്റെ വലതുവശത്തായി വായുസഞ്ചാരം കുറവാണ് എന്ന് കണ്ടെത്തുകയായിരുന്നു. മാത്രമല്ല, കുട്ടി ശ്വാസമെടുക്കുമ്പോഴും ബുദ്ധിമുട്ടുണ്ടാവുകയും ശബ്ദമുണ്ടാവുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് എക്സ് റേ എടുത്തു നോക്കുന്നത്.
അതിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. പിന്നാലെ കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലാക്കി. ബ്രോങ്കോസ്കോപ്പിക്കും വിധേയയാക്കി. 10 ദിവസമെങ്കിലുമായി ഈ നിലക്കടല ശ്വാസകോശത്തിൽ കുടുങ്ങിയിട്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത് ശ്വാസനാളിയിൽ നീർവീക്കത്തിനും കാരണമായിത്തീർന്നു.പിന്നാലെ, കുട്ടിക്ക് സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള മരുന്നുകൾ നൽകുകയും ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
peanut stuck three year olds lung
