കൊല്ലം : കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ.
ഈ സംഭവം പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നു. ഇനിയും നിരവധി ഓഡിയോ ക്ലിപ്പുകളുണ്ട്. അതെല്ലാം കേട്ടുകഴിഞ്ഞാൽ മാത്രമേ വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വ്യാപ്തി എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ അവസ്ഥയിൽ കൂടുതലൊന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു.
വിസ്മാ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെയാണ് ഭർതൃപീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ചെയ്തത്. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു.
തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയത്.
Vismaya's mother says she is happy with Kiran Kumar's conviction