---
title: "#keralaschoolkalolsavam2025 | ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലിലൂടെ  പൊരുതി നേടിയ ജയത്തിന് തിളക്കമേറെ "
english_title: "#kerala #school #kalolsavam #2025 #kuchippudi  #sreelakshmi  #Victory #shines #brightly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261237/kerala-school-kalolsavam-2025-kuchippudi-sreelakshmi-victory-shines-brightly"
published_at: "2025-01-05T13:59:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a4329630ad_sreelakshmi.jpg"
keywords: []
---

# #keralaschoolkalolsavam2025 | ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലിലൂടെ  പൊരുതി നേടിയ ജയത്തിന് തിളക്കമേറെ 

> **Lead Summary:** സബ് ജില്ലാ കലോത്സവത്തിനിടെ രണ്ട് പ്രാവശ്യമാണ് ശ്രീ ലക്ഷ്മി കുഴഞ്ഞ് വീണത് . എച്ച് എസ് വിഭാഗം കുച്ചിപ്പുടി മത്സരഫലം വന്നപ്പോൾ കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിൽ ശ്രീവൽസം ഹൗസിൽ രഞ്ജിത്ത് എസ് മേനോൻ - ഷിജി രഞ്ജിത്ത് ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിക്ക് ഏറെ അഭിമാനിക്കാം.

## Article Content

സബ് ജില്ലാ കലോത്സവത്തിനിടെ രണ്ട് പ്രാവശ്യമാണ് ശ്രീ ലക്ഷ്മി കുഴഞ്ഞ് വീണത് . എച്ച് എസ് വിഭാഗം കുച്ചിപ്പുടി മത്സരഫലം വന്നപ്പോൾ കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിൽ ശ്രീവൽസം ഹൗസിൽ രഞ്ജിത്ത് എസ് മേനോൻ - ഷിജി രഞ്ജിത്ത് ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിക്ക് ഏറെ അഭിമാനിക്കാം.

പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് ശ്രീ ലക്ഷ്മി സംസ്ഥാന കലോത്സവത്തിന് എത്തിയത്. സബ് ജില്ലാ കലോത്സവത്തിൽ മത്സരം പുരോഗമിക്കുന്നതിനിടെ തളർന്ന് വീണു .

ആശുപത്രിയിൽ കൊണ്ട് പോയി തിരിച്ച് വേദിയിൽ എത്തിയെങ്കിലും നൃത്തം പൂർത്തിയാക്കാൻ കഴിയാതെ പിന്നെയും തളർന്നു വീഴുകയായിരുന്നു.

ശ്വാസകോശത്തിനുണ്ടായ അണുബാധയും ഈ കൊച്ചു കലാകാരിയെ തളർത്തി. അപ്പീൽ കൊടുത്ത് അനുകൂല വിധി നേടിയാണ് ജില്ലയിൽ മത്സരിച്ചത്.

മനസ് പതറിയ ശ്രീ ലക്ഷ്മിക്കും കുടുംബത്തിനും നൃത്താധ്യാപകൻ ശബരീഷും പിന്തുണ നൽകി. ഫീസ് വാങ്ങാതെയും നൃത്ത ചെലവുകൾ ഏറ്റെടുത്തും ശബരീഷ് ഒപ്പം ചേർന്ന് നിന്നും. 30 വർഷമായി കലോത്സവ വേദികളിൽ സജീവ സാന്നിധ്യമായ ശബരീഷ് സരസ്വതി വിദ്യാ മന്ദിർ സ്കൂളിലെ അധ്യാപകനാണ്.

നൃത്തകലയോട് ശ്രീ ലക്ഷ്മിയുടെ കുടുംബത്തിന് ഏറെ താൽപര്യമുണ്ട്. 3 വയസ്സ് മുതൽ ശ്രീലക്ഷ്മി നൃത്താഭ്യാസം നടത്തി വരുന്നുണ്ട്. 7 ാം ക്ലാസിൽ പഠിക്കുമ്പോൾ സിബിഎസ് ഇ സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം നാടോടി നൃത്തത്തിലും ഭരതനാട്യത്തിലും ജില്ലാ തലത്തിൽ മത്സരിച്ചിരുന്നു. ഇപ്പോൾ ബാലുശ്ശേരി ഹയർ സെക്കൻഡറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

കിരാതാ മൂർത്തിയുടെ കഥയാണ് സംസ്ഥാന കലോത്സവത്തിൽ കുച്ചുപ്പുടിയിൽ അവതരിപ്പിച്ചത്. ശിവ ഭഗവാൻ കാമദേവനെ നശിപ്പിക്കുന്നു. വേടൻ കൂവളത്തിൻ്റെ ഇല തട്ടി നോക്കിയപ്പോൾ ശിവ വിഗ്രഹം കാണുകയും ശിവ വിഗ്രഹത്തിൻ്റെ കണ്ണിൽ നിന്നും രക്തം വരുന്നത് കണ്ട് ഭയന്ന വേടൻ തൻ്റെ കണ്ണ് പിഴുതെടുത്ത് വിഗ്രഹത്തിന് നൽകാൻ ഒരുങ്ങുന്നതിനിടെ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകുന്നു.

തുടങ്ങിയ കഥാ ഭാഗങ്ങൾ ശ്രീ ലക്ഷ്മി അവതരിപ്പിച്ചു. സഹോദരി ശ്രീദേവി ഭരത നാട്യത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അച്ഛൻ രഞ്ജിത്ത് ഡ്രൈവറാണ് . അമ്മ ഷിജി സ്വകാര്യ കമ്പനി ജീവനക്കാരിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261237/kerala-school-kalolsavam-2025-kuchippudi-sreelakshmi-victory-shines-brightly)