(truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ വാമനപുരം നദി വേദിയിൽ നടന്ന ചാക്യാർകൂത്ത്,നങ്ങ്യാർകൂത്ത് മത്സരങ്ങളുടെ അണിയറ ഒരു കൂട്ടം കലാമണ്ഡലം കലാകാരന്മാരുടെ ഒരുമയുടെയും കഴിവിന്റെയും കേന്ദ്രമായിരുന്നു.
അണിയറയിലേക്ക് കാൽ വയ്ക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും മനോഹരമായ സമയത്തിലൂടെ ആയിരിക്കും ഞാൻ ഇനി കടന്നു പോകുന്നതെന്ന്.
അഞ്ചാം നമ്പർ ചാക്യാർകൂത്ത് മത്സരാർത്ഥിയായ ഏടൂർ സ്വദേശി അദ്വൈദിലേക്കുള്ള അന്വേഷണമാണ് എന്നെ അഭിജോഷ് കലാമണ്ഡലത്തിലേക്ക് എത്തിക്കുന്നത്.
ഒരു ചാക്യാർകൂത്ത് പരിശീലകൻ എന്നതിലുപരി തന്റെ വിദ്യാർത്ഥികൾക്ക് വേണ്ട ഉപദേശങ്ങളും പിന്തുണയും പരിചരണവും നൽകുന്ന മാഷിനെയാണ് കർട്ടന് പിറകിൽ ഞാൻ കണ്ടത്.
അദ്വൈദിനോട് സംസാരിക്കുക എന്ന എന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കവേ " അദ്വൈദിനോട് സംസാരിക്കാൻ ആണോ ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്യൂ നമുക്ക് അവസരം ഉണ്ടാക്കാം" എന്ന് വളരെ പ്രസന്നമായ മുഖത്തോടെ അദ്ദേഹം പറഞ്ഞു.
തന്റെ റോൾ മനോഹരമായി ചെയ്തതിനുശേഷം മീഡിയക്കാരാൽ ചുറ്റപ്പെട്ടു നിന്ന അദ്വൈദിനോട് നമുക്ക് കൂടി സംസാരിക്കാൻ അവസരം ഉണ്ടാക്കി തരാനും അഭിജോഷ് മാഷ് മുൻകൈയെടുത്തു.
ഏടൂർ സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ലിൻസി.പി.സാമാണ് പാലക്കാട് സ്വദേശിയായ അഭിജോഷ് കലാമണ്ഡലം അടങ്ങുന്ന നാൽവർ സംഘത്തെ തന്റെ വിദ്യാർഥികൾക്ക് പരിശീലനത്തിന് വേണ്ടി തിരഞ്ഞെടുത്തത്.
ചാക്യാർകൂത്ത് , മിഴാവ്, പാഠകം എന്നിവിഷയങ്ങളിൽ കേരള കലാമണ്ഡലം സർവ്വകലാശാലയിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്.
ഗുരു കലാമണ്ഡലം ഈശ്വരനുണ്ണി കലാമണ്ഡലം അച്യുതാനന്ദൻ എന്നിവരുടെ കീഴിലായിരുന്നു അഭിജോഷ് മാഷിന്റെ പഠനം.
2017-ലെ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ്, 2018-ലെ കേരള ഗവൺമെന്റ് സാംസ്ക്കാരികവകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ്, 2019-ലെ കലാമണ്ഡലം യുവപ്രതിഭ പുരസ്‌കാരം, 2020-ലെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം
2021 കേരള സർക്കാർ ദേവസ്വം ബോർഡ് ക്ഷേത്രകല അക്കാദമി പുരസ്കാരം എന്നിവക്ക് അർഹനായി.
കഴിഞ്ഞ 20 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന അഭിജോഷ് കലയെ സ്നേഹിക്കുകയും സ്വയം ആവാഹിക്കുകയും മാത്രമല്ല തനിക്ക് കീഴിൽ വിദ്യാഭ്യാസിക്കുന്നവരെ ഈ പരമ്പരാഗത കലാരൂപങ്ങളുടെ തന്മയത്വം നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നുണ്ട്.
അഭിജോഷ് മാഷിനൊപ്പം ഒറ്റക്കെട്ടായി കലാമണ്ഡലം ജിഷ്ണു, ചങ്ങനാശ്ശേരി സ്വദേശി കലാമണ്ഡലം രാഹുൽ,അതുൽ കലാമണ്ഡലം എന്നിവർ ചേർന്ന് ഒരു സംഘം തന്നെയുണ്ട്. മൂവരും ചാക്യാർകൂത്ത് , മിഴാവ്, പാഠകം എന്നിവയിൽ വിദഗ്ധരാണ് കലാമണ്ഡലം വിദ്യാർത്ഥികളും ആണ് .
കേരളത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിലായി ഈ സുഹൃത്തുക്കൾ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പഠനവും പരിശീലനവും ഇവർക്ക് അവസാനിക്കുന്നതല്ല, അതിവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്, കലാരൂപങ്ങളുമായി ബന്ധപ്പെട്ട തുടർപഠനങ്ങളും ചിട്ടയായ പരിശീലനവും ആണ് ഇവരിലേക്ക് അവസരങ്ങൾ എത്താൻ കാരണമാകുന്നത്.
കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും വരുമ്പോൾ നാടൻ കലാരൂപങ്ങളെയും അത് ബാധിക്കുന്നുണ്ടെന്ന് ഇവർ സമ്മതിക്കുന്നു. ഇത്തരം മാറ്റങ്ങളെ പൂർണ്ണമായും പിന്തള്ളാൻ കഴിയുന്നതല്ല എന്നാൽ തനതു രീതികളെ പൂർണ്ണമായും ഒഴിവാക്കാനും കഴിയില്ല, മാറ്റങ്ങൾക്കനുസരിച്ച് കലയെ മനോഹരമായി അവതരിപ്പിക്കുക എന്നതാണ് ഒരു കലാകാരന്റെ വിജയം.
കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനുള്ള മനസ്സുമാണ് ഈ നാൽവർ സംഘത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത.
ചാക്യാർകൂത്തിന്റെ അലങ്കാരത്തിന് ആവശ്യമായ വേഷവിധാനങ്ങളും ആഭരണങ്ങളും പരമ്പരാഗത രീതിയിൽ തന്നെ പറഞ്ഞു ചെയ്യിപ്പിച്ചാണ് ഇവർ ഉപയോഗിക്കുന്നത്.
ശിരോ അലങ്കാരമായി കുടുമ, ഭാരം തീരെ കുറഞ്ഞ് കുമിൾ മരത്തിന്റെ തടിയിൽ നിന്നുണ്ടാക്കിയ ഘടകം, അരയിൽ ഉപയോഗിക്കുന്ന കെടി സൂത്രം, മാറ്റ്, ചെവിയുടെ അലങ്കാരമായി ഉപയോഗിക്കുന്ന ചെവിപ്പൂവ്, വാസികൻ, ചമയത്തിനായി ഉപയോഗിക്കുന്ന അരിപ്പൊടി കുങ്കുമപ്പൂവ്, ഈ കലാരൂപത്തിന്റെ മുഖ്യ വേഷവിധാനമായ ചുവപ്പ് തുണി എന്നിവയാണ് ചാക്യാർകൂത്തിന്റെ വേഷവിധാനങ്ങൾ.
കലാമണ്ഡലം അഭിജോഷ് , കലാമണ്ഡലം രാഹുൽ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പരിപാടി അവതരിപ്പിക്കുന്നവരാണ്.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#kerala #school #kalolsavam #2025 #Chakyarkooth #group #four