Jul 28, 2025 06:12 AM

ആലപ്പുഴ: (www.truevisionnews.com) മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ക്രൈസ്തവ സമൂഹത്തിൽ വൻപ്രതിഷേധം ഉയരുന്നു. ആവർത്തിക്കുന്ന സംഭവങ്ങൾമൂലം ഉത്തരേന്ത്യയിൽ സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് ആരോപണം.

ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും.

സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം -സിബിസിഐ.

കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച്‌ കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ). കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാനെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നു. പെൺകുട്ടികൾ 18 വയസ്സ് പൂർത്തിയായവരുമാണ്‌. ഇതൊക്കെ അവഗണിച്ചാണ് അറസ്റ്റ് ചെയ്തത്.

ദേശവിരുദ്ധ ശക്തികൾ കന്യാസ്ത്രീകളെ നിരന്തരം നിരീക്ഷിക്കുകയും റെയിൽവേ സ്റ്റേഷനുകളിലും മറ്റും വളയുകയും അവർക്കെതിരേ ജനക്കൂട്ടത്തെ ഇളക്കിവിടുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. കന്യാസ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

വ്യാപകപ്രതിഷേധം

സംഘപരിവാറിന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെ മറ്റൊരുരീതിയാണ് ഛത്തീസ്ഗഢിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യസഭയിലെ സിപിഎം കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തയച്ചു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ. മാണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചു.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ‍ഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയനേതാക്കൾ രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന്‌ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെ കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സംഭവത്തെ അപലപിച്ചു.

സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെയാണ്‌ ഛത്തീസ്‌ഗഢിൽ അറസ്റ്റുചെയ്തത്‌.

ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുംനേരേ ആർഎസ്എസും സംഘപരിവാറും രാജ്യത്ത് നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്കും വേണുഗോപാൽ കത്തയച്ചു. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് കന്യാസ്ത്രീകൾക്കെതിരേ വ്യാജക്കേസെടുത്തത്. ബിജെപി ഭരണകൂടത്തിന്റെ ഒത്താശയോടെയാണിതെന്നും വേണുഗോപാൽ ആരോപിച്ചു.

സമ്മർദത്തിന്റെയോ മതപരിവർത്തന ശ്രമത്തിന്റെയോ ഒരു തെളിവും ഇവർക്കെതിരേയില്ലെന്ന്‌ ജോൺ ബ്രിട്ടാസ് എംപി, ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ചില തീവ്ര വലതുപക്ഷശക്തികൾ പ്രാദേശിക അധികൃതരുടെമേൽ ചെലുത്തിയ സമ്മർദത്തിന്റെഫലമാണ് അറസ്റ്റെന്ന സൂചനയാണ്‌ പുറത്തുവരുന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

മോചനത്തിനായി നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അയച്ച കത്തിൽ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

Arrest of nuns sparks protests Letter sent to Modi and Chhattisgarh CM

Next TV

Top Stories










//Truevisionall