തിരുവനന്തപുരം: ( www.truevisionnews.com ) ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും.
കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
.gif)

അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തല കുത്തി വീഴുമെന്നും പാലോട് രവി പറഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചു.
പുല്ലമ്പാറ പഞ്ചായത്തിൽ താഴെ തട്ടിലെ ഭിന്നത തീര്‍ക്കാൻ കൊടുത്ത സന്ദേശമാണെന്ന് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവിൽ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു.
ഗുരുതര സംഘടനാപ്രതിസന്ധിയുള്ള തലസ്ഥാനത്തെ കോൺഗ്രസ്സിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം തിരിച്ചുവരവിനുള്ള പദ്ധതികൾ നടപ്പാക്കുമ്പോഴാണ് ജില്ലാ അധ്യക്ഷന്റെ രാജി. വിഡി സതീശനുമായി അടുപ്പത്തിലുള്ള നേതാവാണ് രവി. രവിയുടെ ശൈലിക്കെതിരെ ജില്ലയിലെ പാർട്ടിയിൽ നേരത്തെ എതിർപ്പുണ്ട്.
സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ പ്രസിഡണ്ട് അടക്കം രാജിവെച്ചതിന് പിന്നാലെ രവി രാജിക്കത്ത് നൽകിയെങ്കിലും നേതൃത്വം തള്ളിയിരുന്നു. രവിയുമായി സംസാരിച്ച ജലീലിനെ പാർട്ടിയിൽ നിന്ന് പുരത്താക്കി. ഡിസിസി അധ്യക്ഷൻറെ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പുനസംഘടനയുടെ ഭാഗമായി പുതിയ അധ്യക്ഷനെ കൊണ്ട് വരാനും നീക്കമുണ്ട്.
Palode Ravi controversial phone conversation KPCC disciplinary committee to investigate Thiruvanchoor in charge
