ഹൈദരാബാദ് : ( www.truevisionnews.com ) ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.
ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളിൽ ഒരാളാണ്.
.gif)

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങി . രാഷ്ട്രീയ കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. സിപിഐ എംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ചന്തുവിന് എതിരെ ഭീഷണി മുഴക്കിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്. എല്ലാ സാദ്ധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. 52-കാരനായ സുരേന്ദ്ര കെവാത്താണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പുൻപുൻ ബ്ലോക്കിലെ പിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷെയ്ഖ്പുര ഗ്രാമത്തിലായിരുന്നു സംഭവം. പുൻപുനിലെ ബിജെപി കിസാൻ മോർച്ചയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ബൈക്കിലെത്തിയ രണ്ട് അക്രമികൾ നാല് തവണ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ സുരേന്ദ്രയെ പട്‌ന എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗഡോക്ടറും കർഷകനുമായിരുന്നു സുരേന്ദ്ര കെവാത്ത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയ വൈരാഗ്യമോ ആയിരിക്കാം സുരേന്ദ്ര കെവാത്തിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
CPI leader shot dead assailants in car sprayed chili powder and opened fire
