കണ്ണൂർ : ( www.truevisionnews.com ) പാനൂർ വള്ള്യായി സ്വദേശി ദുബൈയിൽ മരിച്ച സംഭവത്തിൽ കമ്പനി ഉടമക്കെതിരെ കുടുംബം. മൊകേരി വള്ള്യായി സ്വദേശി അനഘാണ് ദുബൈയിലെ താമസസ്ഥലത്ത് മരിച്ചത്. മകനെ കേസിൽപെടുത്തിയെന്നും ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കുടുംബം മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും നൽകിയ പരാതിയിൽ പറയുന്നു.
വള്ള്യായിയിലെ പോയന്റവിട വാസുവിന്റെയും വത്സലയുടേയും മകൻ അനഘിനെ ഫെബ്രുവരി 11നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി നിഷാദിന്റെ ഉടമസ്ഥതയിലുള്ള വൈബക്സ് ഇന്റർനാഷനൽ കാർഗോ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു 25കാരനായ അനഘ്.
.gif)

കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് യുവാവ് കേസിൽ അകപ്പെട്ടിരുന്നു. കേസിൽ കമ്പനി മാനേജരും എം.ഡിയുടെ സഹോദരനുമായ വ്യക്തിയും കേസിൽ പ്രതിയായിരുന്നു. കമ്പനിയെയും സഹോദരനെയും രക്ഷിക്കാൻ അനഘിനെ കേസിൽ കുടുക്കിയെന്ന് കുടുംബം ആരോപിക്കുന്നു.
വീട് പണയപ്പെടുത്തിയും കടം വാങ്ങിയും 13 ലക്ഷത്തോളം രൂപ അയച്ചു നൽകിയാണ് പിന്നീട് സ്വന്തം നിലക്ക് കേസ് നടത്തിയതെന്നും അനഘിന്റെ അമ്മ പറയുന്നു. കേസിന്റെ വിചാരണ നടക്കുന്നതിന്റെ തൊട്ടു മുന്നേയുള്ള ദിവസമാണ് അനഘ് മരിച്ചത്. ഇതിന് ഒരാഴ്ചക്കുശേഷം നിഷാദ് കുടുംബത്തെ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെന്നും അനഘിന്റെ അമ്മ പറയുന്നു. കേസ് നടത്തിപ്പിനും മൃതദേഹം നാട്ടിലെത്തിക്കാനും ചെലവായ പണമാണ് ആവശ്യപ്പെട്ടതെന്നും പറയുന്നു.
നാലു മാസത്തെ ശമ്പളവും നാലു വർഷത്തിലധികം ജോലി ചെയ്തതിന്റെ സെറ്റിൽമെന്റും നൽകാൻ കമ്പനി തയാറായിട്ടില്ലെന്ന് നോർക്കയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. കമ്പനി ഉടമയും ഭാര്യയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നുണ്ട്.
Family files complaint against company owner over death of Panoor Valliai native in Dubai
