കോഴിക്കോട് : ( www.truevisionnews.com ) നഗരത്തിൽ രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിലെ ദുരനുഭവം വ്യക്തമാക്കി യുവസംവിധായികയുടെ കുറിപ്പ്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രദ്ധ ക്ഷണിച്ചാണ് കുഞ്ഞില മാസിലാമണിയുടെ കുറിപ്പ്. ‘സ്വാതന്ത്ര്യസമരം’ എന്ന ആന്തോളജി ചിത്രത്തിലെ ‘അസംഘടിതർ’ എന്ന ഭാഗത്തിന്റെ സംവിധായിക എന്ന നിലയിൽ കുഞ്ഞില ശ്രദ്ധനേടിയിരുന്നു.
സമൂഹമാധ്യമത്തിൽ കുഞ്ഞില പങ്കുവച്ച കുറിപ്പിൽനിന്ന്:
.gif)

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്, ‘നീ നാറ്റിക്കെടീ (അസഭ്യവാക്ക്) അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’ അൽപം മുൻപ് ഒരു സ്ത്രീയോട് ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞിട്ടു പോയതാണ് വിഡിയോയിൽ. രാത്രി പത്തര മണിക്ക് കോഴിക്കോട് കെഎസ്ആർടിസിക്ക് എതിർവശമുള്ള ടോപ്‌ഫോമിനു മുന്നിൽ നിന്നും പിടിച്ച ഒട്ടോയാണ് കാണുന്നത്.
മീറ്റർ ഇടില്ലയെന്നും ഇട്ടാൽ തന്നെ അതിന്റെ ഇരട്ടി വാങ്ങുന്നതാണ് പതിവ് എന്ന് അറിയാവുന്നത് കൊണ്ടും കയറുന്നതിനു മുൻപ് എത്രയാവും എന്ന് ചോദിച്ചാണ് കയറിയത്. 120 എന്നാണ് പറഞ്ഞത്. വീട് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ പൈസ കൊടുക്കാൻ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.
ഇരുട്ടാണ്. പഴ്‌സിന്റെ ഉള്ളിൽ കാണാനായി ഫോണിലെ ടോർച്ച് അടിച്ചു പിടിച്ച് നോക്കുമ്പോൾ ടോർച്ച് പിടിച്ച് തരാനായി ഫോണിന്റെ ഒരറ്റം ഡ്രൈവറുടെ കയ്യിൽ കൊടുത്തു. നൂറ്റി ഇരുപത് രൂപ കൊടുത്തതും നൂറ്റി അറുപതാണ് എന്ന് പറഞ്ഞ് ഇയാൾ എന്റെ ഫോണിലെ പിടി മുറുക്കി. വലിച്ചിട്ടും ഫോൺ തന്നില്ല. വളരെ ശക്തി ഉപയോഗിച്ച് വലിച്ചാണ് ഒടുവിൽ ഫോൺ തിരിച്ചു കയ്യിൽ കിട്ടിയത്. അപ്പോഴേക്കും ഇയാൾ ശബ്ദം ഉയർത്തി സംസാരിക്കാൻ തുടങ്ങി.
‘‘ഞാൻ അങ്ങോട്ട് കയറി വരും കേട്ടോ’’ എന്ന് എന്നോട് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയാണ്. ഇനി അല്ലെങ്കിൽ തന്നെ, പറഞ്ഞ പൈസ കൊടുത്തതിനു വീട്ടിലേക്ക് കയറി വരും എന്നു പറഞ്ഞ് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്താൻ മറ്റൊരു വ്യക്തിക്ക് എന്ത് അധികാരം ? ഈ ഭീഷണി കേട്ടതും ഞാൻ വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തു.
ഉടനെ ഫോട്ടോ എടുക്കാൻ പാടില്ലെന്ന് പറഞ്ഞായി ബഹളം. ഞാൻ യാത്ര ചെയ്തു വന്ന വണ്ടിയുടെ - അതും ഇപ്പോൾ എന്റെ വീട്ടിലേക്ക് കയറി വരും എന്നു ഭീഷണിപ്പെടുത്തിയ ആളുടെ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യാൻ എനിക്ക് അവകാശമില്ലേ ? ഭയന്നാണ് ഞാൻ വീട്ടിലേക്ക് കയറിയത്. ഇയാൾ ഗേറ്റ് തുറന്ന് എനിക്ക് പുറകെ വന്നു. ദീർഘദൂര യാത്ര കഴിഞ്ഞ് വരികയായിരുന്ന എനിക്ക് താക്കോൽ ഇട്ട് വീട് തുറക്കാൻ പേടിയായി. നേരത്തെ ഫോൺ ബലമായി പിടിച്ചു വയ്ക്കാൻ ശ്രമിച്ച, അകത്തേക്ക് കയറി വരും എന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, വാതിൽ തള്ളിത്തുറന്ന് വരില്ലെന്ന് എന്ത് ഉറപ്പ് ?
ഞാൻ കൊടുത്ത 120 രൂപ ഇയാൾ തറയിൽ വലിച്ചെറിഞ്ഞു. ദീർഘ വിഡിയോയിൽ അത് കാണാം. ഭീഷണികൾ ഉച്ചത്തിലായി. ഭാഷ വഷളായി. ‘‘എന്താ നിന്റെ വിചാരം ? പൈസ തരാതെ പോവാം എന്നാണോ ? കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? കോഴിക്കോട് ആയത് കൊണ്ടാണ് ഇത്രേം മര്യാദ’’ (ദൈവത്തിനു സ്തുതി!) എന്തെല്ലാമാണ് അലറുന്നത്.
ഇയാൾ എന്റെ വീട്ടുമുറ്റത്ത് നിന്നും പോവാതെ എനിക്ക് അകത്ത് കയറി ഒന്ന് ബാത്ത്റൂമിൽ പോവാൻ പോലും പറ്റില്ല എന്നായപ്പോൾ ഞാൻ പൊലീസിനെ വിളിച്ചു. വിഡിയോ എടുക്കാൻ തുടങ്ങി. അതിനു ശേഷം മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കാൻ പോയ ഇയാൾ അതുവഴി വണ്ടി എടുത്ത് പോവുകയും ആ വഴിക്ക്, ‘‘നീ നാറ്റിക്കെടീ അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’’ എന്ന് പറയുകയും ചെയ്തു. ഇന്നു രാത്രി ഞാൻ എന്ത് ധൈര്യത്തിൽ കിടന്നുറങ്ങണം?
ദയവ് ചെയ്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ പ്രസിദ്ധമാണെന്നും പറയരുത്. പബ്ലിക് perception എന്തു തന്നെയായാലും ഇവിടുത്തെ യാഥാർഥ്യം ഇതാണ്. ഇതു മാത്രമാണ്. പരക്കെ നിയമലംഘനം നടക്കുന്നിടത്ത് ചിലർ സൗമ്യരായി പെരുമാറുന്നുണ്ടെങ്കിൽ അത് നന്മയല്ല, യഥാർഥ അവസ്ഥയ്ക്ക് ഒരപവാദം മാത്രമാണ്.
നിരവധി തവണ മോട്ടോർ വാഹന വകുപ്പിന് ഇതിന് മൂലകാരണമായ അവസ്ഥയെ കുറിച്ച് ഞാൻ പരാതിപ്പെട്ടിട്ടുള്ളതാണ്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇരുട്ട് വീണാൽ ഉടനെ (പത്ത് മണിക്ക് ശേഷം അല്ല) കോഴിക്കോട് നഗരത്തിൽ മിക്ക ഓട്ടോക്കാരും മീറ്ററും ഇരട്ടിയും ആണ് വാങ്ങുന്നത്. ഇത് കോഴിക്കോട് മാത്രമുള്ള സ്ഥിതിവിശേഷമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുള്ള ആർക്കും പറയാനാവും ഇതാണ് അവസ്ഥയെന്ന്.
പത്ത് മണിക്ക് ശേഷം മീറ്ററും പകുതിയും എന്നാണ് നിയമം എന്നിരിക്കെ ഇത് സാധാരണമാണ് എന്ന നിലയിൽ യാതൊരു സങ്കോചവുമില്ലാതെ പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു എന്നു മനസിലാവുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി നിയമമാണ് എന്ന മട്ടിലാണ് ചോദ്യം ചെയ്താൽ ഓട്ടോക്കാർ സംസാരിക്കുന്നത്. പിന്നെ ഒച്ച എടുക്കലായി, തെറിവിളിയായി, ഭീഷണിയായി. അപൂർവ്വമായി മാത്രം ഓട്ടോ പിടിക്കുന്ന എനിക്കു പോലും പത്തോളം അനുഭവങ്ങൾ ഇത്തരത്തിൽ പറയാൻ ഉണ്ടാവും.
ഇതിനു മുൻപ് ഉണ്ടായ അനുഭവത്തിൽ ഡ്രൈവർ എന്നോട് പറഞ്ഞത്, ഓട്ടോ കണ്ടുപിടിച്ചതു മുതൽ രാത്രി മീറ്ററിന്റെ ഇരട്ടിയാണ് കൂലി എന്നാണ്. പൊലീസിൽ പരാതികൾ രണ്ട് പ്രാവശ്യമെങ്കിലും കൊടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന് അയച്ച പരാതിയിന്മേൽ നടപടി ഇല്ലാതെ ഇരുന്നപ്പോഴാണ് ഇത്.
എല്ലാ തവണയും പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ എനിക്കു ഊർജമില്ല. പരാതി കൊടുത്താൽ ഒത്തുതീർപ്പ് ആക്കണോ കേസ് ആക്കണോ എന്ന ചോദ്യം വരും. ഇയാൾ ചെയ്തിരിക്കുന്നത് ഒരു ക്രിമിനൽ ഒഫൻസ് ആണ്. ഒരു തരത്തിൽ നോക്കിയാൽ, കേസ് ആക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട് എന്നാണ് എന്റെയും അഭിപ്രായം.
പക്ഷേ വയ്യ. ഒന്നൊന്നര വർഷം കഴിയുമ്പോൾ കോടതിയിൽ ചെന്ന് ഞാൻ മൊഴി കൊടുക്കണം. ഇതെല്ലാം പണ്ടും ചെയ്തിട്ടുള്ള വ്യക്തി എന്ന നിലയിൽ, അതിന്റെ മാനസിക സമ്മർദം കൈകാര്യം ചെയ്യാൻ പറ്റുന്ന അവസ്ഥ തൽക്കാലം എനിക്കില്ല എന്ന ബോധ്യമുണ്ട്. മീറ്റർ ഇട്ട് ഓട്ടോ ഓടിക്കാനുള്ള കർശന നിർദേശം ഓട്ടോകൾക്ക് ഉണ്ടാവണം.
പത്ത് മണി കഴിഞ്ഞാൽ മീറ്ററും പകുതിയുമാണ് കൂലി. മീറ്ററും ഇരട്ടിയുമല്ല. അതാണ് നിയമം. ഒന്നുകിൽ ഇത് കർശനമായി നടപ്പിലാക്കണം. അല്ലെങ്കിൽ കടലാസിൽ നിയമം മാറ്റണം. അന്യായ കൂലി വാങ്ങിയാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള 24 hour helpline number MVDയ്ക്കു വേണം. നിലവിലുള്ളത് പ്രവർത്തനരഹിതമാണ്. വിളിച്ചാൽ ആരും എടുക്കാറില്ല മെയിൽ അയച്ചാൽ മറുപടിയുമില്ല. മിനുട്ടുകൾക്കുള്ളിൽ സ്ക്വാഡ് എത്തുകയും നടപടി ഉണ്ടാവുകയും ചെയ്യുന്ന സംവിധാനം നിലവിൽ വരുത്തണം.
ഞാൻ ആലോചിച്ചു പോവുകയാണ്, തന്നോളം പൊക്കവും ആരോഗ്യവുമുള്ള ഒരു പുരുഷനായിരുന്നു വണ്ടിയിലെങ്കിൽ ഇയാൾ ഇത്തരത്തിൽ പെരുമാറുമായിരുന്നോ ? ഞാൻ ഒരു സ്ത്രീ ആയതുകൊണ്ടും വീട്ടിൽ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടും തന്നെയാണ് ഈ പ്രവൃത്തി എന്നത് വ്യക്തമാണ്. പറ്റുകയാണെങ്കിൽ, ഇയാൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം....നന്ദി.
young director's note explaining her unfortunate experience traveling in an autorickshaw at night in Kozhikode city
