പുനലൂര്‍ (കൊല്ലം): ( www.truevisionnews.com ) കൊല്ലം പുനലൂരിൽ കാണാതായ വയോധിക രാത്രിമുഴുവന്‍ അയല്‍പക്കത്തെ കിണറ്റിനുള്ളില്‍ കുടുങ്ങി. മോട്ടോര്‍ പമ്പിന്റെ കുഴലില്‍ പിടിച്ചുനിന്ന ഇവരെ പിറ്റേദിവസം രാവിലെ അഗ്നിരക്ഷാസേനയെത്തി കരകയറ്റി. പുനലൂര്‍ കക്കോട് സ്വദേശിനി ലീലയാണ് (65) ഒരു രാത്രിമുഴുവന്‍ കിണറ്റില്‍ കഴിച്ചുകൂട്ടിയത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതലാണ് ലീലയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും രാത്രി കിണറ്റിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടുകിട്ടിയിരുന്നില്ല. പിറ്റേദിവസം രാവിലെ കിണറിന് സമീപം ചെരിപ്പ് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും വീണ്ടും ഉള്ളില്‍ പരിശോധിക്കുമ്പോഴാണ് കുഴലില്‍ പിടിച്ചുനില്‍ക്കുന്നനിലയില്‍ ലീലയെ കണ്ടത്.
.gif)

30 അടി താഴ്ചയുള്ള കിണറാണിത്. ഇതില്‍ അഞ്ചടി ഉയരത്തില്‍ വെള്ളവുമുണ്ടായിരുന്നു. വീട്ടുകാര്‍ ഉടന്‍തന്നെ പുനലൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. അവിടെനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ബി. ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി വല ഉപയോഗിച്ച് ലീലയെ കരകയറ്റുകയായിരുന്നു. വീഴ്ചയില്‍ കാര്യമായ പരിക്കില്ല.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തെടുത്തു. നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തിൽ വീട്ടിൽ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് വയോധികയെ കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുകയായിരുന്നു.
അതിരാവിലെ ഇവർ വീണിട്ടുണ്ടാമെന്ന് കരുതി ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ദാക്ഷായണിയെ കിണറിനു പുറത്തെത്തിക്കാനായി നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചിരുന്നു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാതിരിക്കാനായി പ്രദേശവാസി കൽപ്പാലത്തിങ്കൽ ഭാസ്കരൻ കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി.
ഈ സമയമത്രയും വയോധികയ്ക്ക് ജീവനുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അഗ്നിരക്ഷാസേന എത്തി ശരീരം മുകളിലേക്കു കയറ്റുന്നതിനിടെയാണ് വയോധികയുടെ കൺപോളയിലെ ഇളക്കം ശ്രദ്ധയിൽപ്പെടുന്നതും ജീവൻ നിലനിൽക്കുന്നുണ്ടെന്ന് മനസിലായതും.
ഉടൻ തന്നെ വയോധികയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്ന ദാക്ഷായണി ഞായറാഴ്ച ഉച്ചയോടെ തന്നെ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടന്നിട്ടും വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവർത്തകരുമെല്ലാം. അതേ സമയം ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
Missing elderly woman spent the entire night in a nearby well, trapped by the pump's pipe
