തിരുവനന്തപുരം: ( www.truevisionnews.com) ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവർണറുടെ അനുമതി. സർക്കാർ ശുപാർശ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്.
.gif)

മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്. കാരണവരുടെ കൊലപാതകത്തിൽ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താൻ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്കര കാരണവരെ കൊല്ലാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
അങ്ങനെയാണ് മരുമകൾ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഷെറിന്‍റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയത് വിവാദമായിരുന്നു. വിവിധ ജയിലുകളിൽ പ്രശ്നമുണ്ടാക്കിയ ഷെറിനെ ഒടുവിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ കാലാവധി പൂർത്തിയായി സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്.
സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകൻ പുറത്തുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങൾ പരിഗണിച്ച്, ജയിൽ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് ഇളവ് നൽകാൻ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Bhaskara Karanar murder case; Governor approves release of Sherin
