കൊല്ലം: ( www.truevisionnews.com ) യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃപിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും വ്യക്തമായി വിപഞ്ചിക രേഖപ്പെടുത്തിയിട്ടുണ്ട്.
.gif)

ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി – കുറിപ്പില്‍ വിപഞ്ചിക പറയുന്നു.
ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു.
കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല – വിപഞ്ചിക കുറിപ്പില്‍ പറയുന്നു.
ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും കത്തില്‍ വിപഞ്ചിക പറയുന്നു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ അച്ഛനും പെങ്ങളും പറഞ്ഞ് തന്നെ തല്ലുമായിരുന്നുവെങ്കിലും തന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് വിപഞ്ചിക തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമണും പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Vipanchika suicide in Sharjah made serious remarks against her husband and father-in-law in her suicide note
