കോഴിക്കോട്: ( www.truevisionnews.com ) നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ജൂലൈ ഒന്നിനാണ് ഇവർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്.
.gif)

സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇടയ്ക്കിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടൊപ്പം ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍, ജില്ലയിലെ പ്രധാന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ മേധാവികള്‍ ഉള്‍പ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. 110 പേര്‍ നിരീക്ഷണത്തിലാണ്. മരുന്നുകള്‍, പി പി ഇ കിറ്റ് മറ്റ് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്.
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 40 ബെഡുകള്‍ ഉള്‍പ്പെടുന്ന ഐസോലേഷന്‍ യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും.
The health condition of the young woman infected with Nipah virus is critical the source could not be found she is being treated in the Nipah ward of the Medical College
