തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 40-60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണം. കേരളതീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 2.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദപാത്തി രൂപപ്പെട്ടു. ഝാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതായും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
.gif)

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
Isolated heavy rain likely Kerala next five days
