മലപ്പുറം: (truevisionnews.com) മെയ് 30ന് വൈകുന്നേരം നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലേക്ക്. പിണറായിസം തകരുമെന്ന് പി വി അൻവർ പറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയെത്തുന്നത്.
നിലമ്പൂരിൽ പി വി അന്‍വറിന്റെ ഇംപാക്ട് ഉണ്ടാകില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞിരുന്നു. അന്‍വര്‍ പോകുമ്പോള്‍ പാര്‍ട്ടിയാകെ ഒലിച്ചുപോകുമെന്നായിരുന്നല്ലോ പറഞ്ഞതെന്നും ഒരു പോറൽ പോലും ഏറ്റില്ലെന്നത് കാലം തെളിയിച്ചതാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അന്‍വറിന്റെ പാര്‍ട്ടി മാറ്റം തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണോയെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണോയെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നാണ് വി പി അനില്‍ പറഞ്ഞത്.
.gif)
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആന്റി പിണറായിസത്തിന്റെ വോട്ട് വന്ന് വീഴുന്നത് കാണാമെന്ന് അൻവർ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അൻവറിൻ്റെ ഈ പ്രതികരണം. നിലമ്പൂരിലെയും കേരളത്തിലെ ജനങ്ങള്‍ക്കും കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മൂന്നാമതും പിണറായി വരുമെന്ന നരേഷന്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കുമിത്. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണിത്. ഏത് പ്രശ്‌നമാണ് ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. പാലം, റോഡ്, എയര്‍പോര്‍ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്', അന്‍വര്‍ പറഞ്ഞു.
'കുടുംബാധിപത്യ രാഷ്ട്രീയമാണ് ഇവിടെ. പാര്‍ട്ടിയെയും ഭരണകൂടത്തെയും ഒരു മരുമകന്റെ കാല്‍ ചുവട്ടിലാക്കിയ സര്‍ക്കാര്‍ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടോ. ജനങ്ങള്‍ ഇത് കാണുന്നുണ്ട്. സഖാക്കള്‍ കാണുന്നുണ്ട്. അവരിലാണ് വിശ്വാസം. സിപിഐഎമ്മിന്റെ ആത്മവിശ്വാസം അവരെ രക്ഷിക്കട്ടെ. സര്‍ക്കാര്‍ നിലമ്പൂരില്‍ എന്ത് ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ മരുമകന്‍ മന്ത്രിയായി വന്നിട്ട് നിലമ്പൂരില്‍ എന്ത് ചെയ്തു', അന്‍വര്‍ ചോദിച്ചു.
ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
Pinarayi Vijayan to Nilambur Chief Minister speak election convention
