തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റന്നാള്‍ മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ തീവ്രമഴയുണ്ടാകുമെന്നാണ് സൂചന. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രത പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണം.
.gif)
കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്നുവരെ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത് രാത്രി 8.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Change rain warning KERALA
