കൊല്ലം: ( www.truevisionnews.com) കൊല്ലം കാവനാട് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച യുവതി മരിച്ചത് ഭക്ഷ്യവിഷ ബാധമൂലമെന്ന് സംശയം. കാവനാട് മണിയത്തുമുക്ക് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ (45) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദീപ്തി പ്രഭയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വീട്ടിൽ വെച്ച ചൂര മീൻ കറിയിൽ നിന്നും ഭക്ഷ്യവിഷ ബാധയേറ്റതായാണ് സംശയം.
സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്. സംഭവ ദിവസത്തിന് തലേന്ന് ഇവർ ചൂരമീൻ വാങ്ങി കറിവച്ച് കഴിച്ചിരുന്നു. പിന്നാലെ ദീപ്തിയുടെ ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങി.
.gif)
എന്നാൽ, ദീപ്തി പ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ട് ഭർത്താവ് എത്തിയാണ് ബാങ്കിൽ നിന്നും ദീപ്തിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വീട്ടിലെത്തിയ ഉടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന കാര്യത്തിലടക്കം ഇതുവരെ വ്യക്തതയില്ല. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയിൽ എത്തി കുടുംബത്തിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശക്തികുളങ്ങര പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപ്തിയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Death youngwoman Kollam suspected due food poisoning
