ഓപ്പറേഷന്‍ സിന്ദൂര്‍; ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു, കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും

ഓപ്പറേഷന്‍ സിന്ദൂര്‍; ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു, കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും
May 8, 2025 06:30 AM | By Anjali M T

ന്യൂഡല്‍ഹി:(truevisionnews.com) ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. അതിനിടെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ സംബന്ധിച്ച യോഗത്തിൽ വിലയിരുത്തും. ജമ്മു കശ്മീരിൽ തുടരുന്ന പാകിസ്താൻ പ്രകോപനത്തിലെ തുടർനീർക്കങ്ങൾ ഉൾപ്പെടെ ചർച്ചയായിരിക്കും. മുൻപ് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ ചില പ്രതിപക്ഷ പാർട്ടികൾ വിമർശനങ്ങൾ ഉയർത്തിയിരുന്നു. അതേസമയം, ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നടപടികളിൽ പൂർണ പിന്തുണയാണ് പ്രതിപക്ഷം ഉറപ്പുവരുത്തിയിരിക്കുന്നത്.

അതിനിടെ, അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പാകിസ്താന്‍റെ ഭാഗത്ത് നിന്നും സൈനിക നടപടികൾ ഉണ്ടാവുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സേന മുന്നറിയിപ്പും നൽകി കഴിഞ്ഞു. അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. കരസേനാ മേധാവി മേജർ ജനറൽ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇന്നലെ പൂഞ്ച് മേഖലയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.

operation sindoor central government calls all party meeting

Next TV

Related Stories
Top Stories