കൊട്ടാരക്കര: (truevisionnews.com) ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കരീപ്ര തൃപ്പലഴികം അമ്മാച്ചുമുക്ക് അശ്വതിഭവനിൽ അഭി (18) ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. അഞ്ചിന് പുലർച്ചെ കാരുവേലിൽ കുമാരമംഗലം ക്ഷേത്രത്തിലും കൈതക്കോട് ഉടയൻകാവ് ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതി, പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.

ബൈക്കിൽ കറങ്ങി നടന്ന് ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്താൻ വേണ്ടി മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് അഭി എന്ന് പൊലീസ് പറഞ്ഞു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ ജോൺസൺ, സി.പി.ഒ വിഷ്ണു എന്നിവർ കൈതക്കാട് ഉടയൻകാവ് ക്ഷേത്രത്തിനു സമീപം എത്തിയപ്പോൾ സംശയാസ്പദമായി ബൈക്ക് കണ്ടു. ബൈക്ക് പരിശോധിച്ചപ്പോൾ സൈലൻസറിലും എൻജിനിലും ചൂട് ഉള്ളതായി മനസ്സിലായി.
ഉടൻ പൊലീസ് ക്ഷേത്രത്തിനുള്ളിൽ കയറി പരിശോധന നടത്തിയപ്പോൾ വഞ്ചി കുത്തി പൊളിച്ച നിലയിൽ കണ്ടു. ക്ഷേത്ര അധികൃതരെ വിളിച്ചുവരുത്തി ക്ഷേത്രം തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രധാന കാണിക്ക വഞ്ചി ഉൾപ്പെടെ മോഷണം നടത്തിയതായി അറിയുന്നത്. ഉടനെ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ചീരങ്കാവ് ജങ്ഷനിൽ വെച്ച് ഓട്ടോയിൽ കയറി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ സാഹസികമായാണ് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കാരുവേലിൽ കുമാരമംഗലം ക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നതായി വെളിവായി. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ആണ് കൂടുതൽ കേസുകളുടെ ചുരുളഴിഞ്ഞത്. നീലേശ്വരം പിണറ്റുംമൂട് ഭദ്രദേവി ക്ഷേത്രം, നീലേശ്വരം ധർമശാസ്ത ക്ഷേത്രം, കലയപുരത്തെ രണ്ടു പള്ളികൾ, കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ ഒരു ക്ഷേത്രത്തിലും മോഷണം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ നിതീഷ്, അനിൽകുമാർ, ജോൺസൺ, എസ്.സി.പി.ഒമാരായ അജിത്, ഉണ്ണി, വിഷ്ണു, വിനോദ്, സി.പി.ഒമാരായ റോഷ്, അഭിജിത്ത്, സനൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
young man arrested case theft places worship kottarakkara
