Jul 11, 2025 10:49 AM

കൊച്ചി: ( www.truevisionnews.com) കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമർശിച്ചു.

അതേസമയം കീമിന്റെ പുതുക്കിയ ഫലം ഇന്നലെ രാത്രിയോടെ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ട്. കേരള സിലബസുകാർ പിന്നിൽ പോയി. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാർഥികൾ യോഗ്യത നേടി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോർമുല തുടരും. പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കേരളത്തിലെ എൻജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രോസ്‌പെക്ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മീഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

KEAM exam results Government intervention was well-intentioned Minister R Bindu

Next TV

Top Stories










GCC News






//Truevisionall