മലപ്പുറം: (truevisionnews.com) മലപ്പുറത്ത് പേവിഷബാധയേറ്റുള്ള അഞ്ചരവയസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിക്ക് അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ കൊടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

ആശുപത്രിയിലെത്തിയപ്പോള്‍ വാക്സിൻ മാത്രം നൽകി തിരിച്ചയച്ചു. തലയിൽ ആഴത്തിൽ മുറിവുണ്ടായിട്ടും നിരീക്ഷണത്തിൽ വെച്ചില്ലെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാര്യക്ഷമമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ കുട്ടി രക്ഷപ്പെടുമായിരുന്നു. ചികിത്സാ പിഴവിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
ഏപ്രില്‍ 29നാണ് മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.
വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.
Family alleges medical malpractice death girl suffering rabies Malappuram.
