ന്യൂഡല്‍ഹി: (truevisionnews.com) പാക് യുവതിയെ വിവാഹം കഴിച്ചത് മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി സര്‍വീസില്‍നിന്ന് പുറത്താക്കിയ സിആര്‍പിഎഫ് ജവാന്‍ പ്രതികരണവുമായി രംഗത്ത്. വിവാഹത്തിന് മുമ്പ് താന്‍ സിആര്‍പിഎഫ് ആസ്ഥാനത്തുനിന്ന് അനുമതി തേടിയിരുന്നതായും സമ്മതം ലഭിച്ച് ഒരുമാസത്തിന് ശേഷമാണ് വിവാഹം നടത്തിയതെന്നും പുറത്താക്കപ്പെട്ട ജവാന്‍ മുനീര്‍ അഹമദ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

'എന്നെ ജോലിയില്‍നിന്ന് പുറത്താക്കിയവിവരം മാധ്യമങ്ങളില്‍നിന്നാണ് ആദ്യം അറിഞ്ഞത്. പിന്നാലെ ഇതുസംബന്ധിച്ച് സിആര്‍പിഎഫില്‍നിന്ന് കത്ത് ലഭിച്ചു. സിആര്‍പിഎഫ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ചത്. അതിനാല്‍ പിരിച്ചുവിട്ട നടപടി എന്നെയും കുടുംബത്തെയും ഞെട്ടിച്ചു', മുനീര്‍ അഹമദ് പറഞ്ഞു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്നും നീതി ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
2022 ഡിസംബര്‍ 31-നാണ് പാക് യുവതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യമായി ഉദ്യോഗസ്ഥരെ അറിയിച്ചത്. അതിനുവേണ്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി. തന്റെയും മാതാപിതാക്കളുടെയും സര്‍പഞ്ചിന്റെയും ജില്ലാ കൗണ്‍സില്‍ അംഗത്തിന്റെയും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചു. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ നല്‍കി. തുടര്‍ന്ന് 2024 ഏപ്രില്‍ 30-ന് സിആര്‍പിഎഫ് ആസ്ഥാനത്തുനിന്ന് വിവാഹത്തിന് അനുമതി കിട്ടി. അടുത്തിടെ ഭോപാലില്‍ 41-ാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റമായി. അവിടെ കമാന്‍ഡിങ് ഓഫീസര്‍ നടത്തിയ അഭിമുഖത്തിലും പാക് യുവതിയെ വിവാഹംകഴിച്ച കാര്യം പരാമര്‍ശിച്ചിരുന്നതായും മുനീര്‍ അഹമദ് പറഞ്ഞു.
ജമ്മുവിലെ ഗരോത്ത സ്വദേശിയായ മുനീര്‍ അഹമദ് 2017 ഏപ്രിലിലാണ് സിആര്‍പിഎഫില്‍ ജോലിയില്‍ പ്രവേശിച്ചത്. ഏറ്റവുമൊടുവില്‍ സിആര്‍പിഎഫിന്റെ 41-ാം ബറ്റാലിയനിലാണ് ജോലിചെയ്തിരുന്നത്.
2024 മെയ് 24-നായിരുന്നു പാകിസ്താനിലെ പഞ്ചാവ് പ്രവിശ്യയിലെ മിനാല്‍ ഖാനെ മുനീര്‍ വിവാഹം കഴിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും ആദ്യം പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലെത്തുകയും വിവാഹം കഴിക്കുകയുമായിരുന്നു. വീഡിയോ കോള്‍ വഴിയാണ് നിക്കാഹ് ചടങ്ങുകള്‍ നടത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് മുനീറിന്റെ ഭാര്യ മിനാല്‍ ഖാന്‍ വാഗാ-അട്ടാരി അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയത്. മാര്‍ച്ച് 22-ന് പാക് യുവതിയുടെ വിസാ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് മിനാല്‍ ഖാന്‍ ദീര്‍ഘകാല വിസയ്ക്കായി അപേക്ഷ നല്‍കി. ഇതിനിടെയാണ് പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യവിടണമെന്ന ഉത്തരവിറങ്ങിയത്. ഇതോടെ മിനാല്‍ ഖാനും മുനീറും ജമ്മുകശ്മീര്‍-ലഡാക് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് മിനാല്‍ ഖാനെ നാടുകടത്താനുള്ള നടപടി ഹൈക്കോടതി സ്‌റ്റേചെയ്തിരുന്നു.
പാക് യുവതിയെ വിവാഹംകഴിച്ചത് മറച്ചുവെച്ചതിനാണ് മുനീറിനെ കഴിഞ്ഞദിവസം സിആര്‍പിഎഫില്‍നിന്ന് പുറത്താക്കിയത്. മുനീറിന്റെ പ്രവൃത്തി ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നുകാട്ടിയായിരുന്നു നടപടി. പാക് പൗരത്വമുള്ള സ്ത്രീയെ വിവാഹംകഴിച്ചത് മറച്ചുവെച്ചെന്നും വിസാകാലാവധി കഴിഞ്ഞശേഷവും ഇവരെ ഇന്ത്യയില്‍ തുടരാന്‍ മുനീര്‍ സഹായിച്ചെന്നുമാണ് കണ്ടെത്തല്‍. മുനീറിന്റെ പ്രവൃത്തി പെരുമാറ്റച്ചട്ട ലംഘനമാണെന്നും അന്വേഷണം ആവശ്യമില്ലാതെതന്നെ പിരിച്ചുവിടാവുന്ന കുറ്റമാണ് മുനീറില്‍നിന്നുണ്ടായതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു
CRPF jawan dismissed service hiding his marriage Pakistani woman come out with response.
