മലപ്പുറം:(truevisionnews.com) അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി മലപ്പുറത്ത് പിടിയിൽ. ഒമാനിൽ നിന്നും കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് സനിൽ (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കൊട്ടപറമ്പിൽ വീട്ടിൽ നാഫിദ് (27) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 3 ആയി.

കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കൊണ്ടോട്ടി മുക്കൂട് മുള്ളൻ മടത്തിൽ ആഷിഖിൻ്റെ വീട്ടിൽ നിന്നും പാർസലിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. ഒമാനിൽ നിന്നും കടത്തിയ എംഡിഎംഎ വില്പന നടത്തുന്നതിനിടെ എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോർട്ട് കൊച്ചി, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലും എക്സൈസും യുവതിയടക്കം 10 ഓളം പേരെ 7 കേസുകളിലായി പിടികൂടിയിരുന്നു.
തുടർന്ന് ആഷിഖിനെ ഒമാനിൽ നിന്നും നാട്ടിൽ എത്തിയ സമയം പിടികൂടി റിമാൻ്റിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞ ആഴ്ച്ച ആഷിഖിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട പ്രധാന കണ്ണികളെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ഇന്നലെ ഗോവയിൽ നിന്നും വരുന്ന വഴിയാണ് സനിലിനെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും വിദേശ പൗരനടക്കം ഉള്ള ആളുകളെ പിടികൂടാനുണ്ട്.
നാഫിദിൻ്റെ പേരിൽ വേങ്ങര സ്റ്റേഷനിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഉണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, കരിപ്പൂർ ഇൻസ്പക്ടർ അബ്ബാസ് അലി എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
held mdma smuggling oman malappuram
