ലഖ്നൗ: (truevisionnews.com) വിവാഹ വാഗ്ദാനം നൽകി 13 ഓളം പ്രായമായ അവിവാഹിതരായ പുരുഷന്മാരെ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം.

സോനം എന്ന പൂജ, ആശ എന്ന ഗുഡ്ഡി, സുനിത എന്നീ മൂന്ന് സ്ത്രീകളെയും ഹർദോയിൽ നിന്ന് തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് ഹർദോയി (സിറ്റി) സർക്കിൾ ഓഫീസർ (സിഒ) അങ്കിത് മിശ്ര പറഞ്ഞു.
മാർച്ച് 5, ജനുവരി 23 തീയതികളിൽ ഹർദോയി പൊലീസിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ സ്ത്രീകൾ പ്രമോദ് കുമാർ എന്നൊരാൾ നടത്തുന്ന ഒരു സംഘടിത സംഘത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പ്രായമായ അവിവാഹിതരായ പുരുഷന്മാരെയാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്.
വിവാഹത്തിന് തൊട്ടുമുമ്പ് വിലപിടിപ്പുള്ള വസ്തുക്കളും മറ്റ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു ഇവരുടെ രീതി. ചിലപ്പോൾ, വരന്റെ വീട്ടുകാരെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം രജിസ്ട്രാർ ഓഫീസിൽ നിന്ന് പോലും സംഘം രക്ഷപ്പെട്ടിട്ടുള്ളതായി അങ്കിത് പറഞ്ഞു. 13 ഓളം പേരെ ഇത്തരത്തിൽ വഞ്ചിച്ചതായി സ്ത്രീകൾ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
പ്രമോദ് കുമാറിനെയും സംഘത്തിലെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹർദോയിലെ ആദ്യ കേസ് ഫെബ്രുവരിയിൽ നീരജ് ഗുപ്ത എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318 (2) പ്രകാരം വഞ്ചനയ്ക്കും 316 (2) പ്രകാരം വിശ്വാസവഞ്ചനയ്ക്കുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമോദ് കുമാർ തന്‍റെ ചെറുമകൾ പൂജയെ വിവാഹം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് നീരജിനെ ഹർദോയിലെ ഒരു രജിസ്ട്രാർ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ പൂജയെയും മറ്റ് ചില സ്ത്രീകളെയും നീരജ് കണ്ടുമുട്ടുകയും ചെയ്തു. നീരജ് വാഗ്ദാനം ചെയ്ത പണവും ചില ആഭരണങ്ങളും പൂജയ്ക്ക് കൈമാറിയ ഉടൻ തന്നെ പ്രമോദും പൂജയും മറ്റുള്ളവരും അപ്രത്യക്ഷരാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടാമത്തെ കേസിൽ, പൂജ എന്ന സ്ത്രീ കുറച്ച് ദിവസത്തേക്ക് പരാതിക്കാരനോടൊപ്പം ഒരുമിച്ച് താമസിക്കുകയും പിന്നീട് പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയുമായിരുന്നു.
#Three #women #arrested #exploiting #deceiving #13 #elderly #single #men #promise #marriage
